കൊച്ചി: ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ തളളിയതോടെ ഈ ഓണക്കാലത്ത് ദീലീപ് ആലുവ സബ് ജയിലിൽത്തന്നെ തുടരുമെന്ന് ഉറപ്പായി. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ വലിയ ആഘോഷപരിപാടികളാണ് ഫാൻസ് അസോസിയേഷനുകളും ആലോചിച്ചിരുന്നത്. റിലീസ് കാത്തിരിക്കുന്ന രാമലീല പുറത്തിറങ്ങാൻ ഇനിയും വൈകും.
മാസ് ഡയലോഗുകളുളള ത്രില്ലർ ചിത്രം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയാൽ രാമലീലയിലൂടെ ഒരു റീ എൻട്രിയായിരുന്നു ദിലീപ് പ്രതീക്ഷിച്ചിരുന്നത്. ഓണച്ചിത്രങ്ങളുടെ തിരക്ക് കഴിഞ്ഞാലുടൻ പുറത്തിറക്കാനായിരുന്നു നീക്കം. താൻ ഗൂഡാലോചനയുടെ ഇരയെന്ന് സിനിമയിലൂടെ ബോധ്യപ്പെടുത്താനും ആലോചിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിച്ചതോടെ ഈ നീക്കങ്ങളെല്ലാം പാളി. ജാമ്യം കിട്ടിയശേഷം റിലീസ് മതിയെന്നായിരുന്നു ദിലീപും നിർമാതാക്കളെ അറിയിച്ചിരുന്നത്
ജാമ്യം ലഭിച്ചാൽ ആലുവ സബ് ജയിൽ മുതൽ ദിലീപിന്‍റെ വീട് വരെ റോഡ് ഷോ ആയിരുന്നു ഫാൻസുകാർ പദ്ധതിയിട്ടിരുന്നത്. ദിലീപിനെ തിയേറ്ററുകളിൽ നേരിട്ട് കൊണ്ടുപോയി ജനനവികാരം അനുകൂലമാക്കാനും ആലോചിച്ചിരുന്നു. ആ നീക്കങ്ങൾ കൂടിയാണ് കോടതി ഉത്തരവോടെപാളിയത്. സുപ്രീം കോടതിയെ സമീപിക്കുകയോ അല്ലെങ്കിൽ കാത്തിരിക്കുകയോ ആണ് ദിലീപിന്‍റെ മുന്പിൽ ഇനിയുളള പോം വഴി . സ്വോഭാവിക ജാമ്യം കിട്ടണമെങ്കിൽ ഇനിയും 40 ദിവസും കഴിയണം. അതിനു മുന്പ് കുറ്റപത്രം സമർപ്പിക്കുമെന്നതിനാൽ വിചാരണ തടവുകാരനായി തുടരേണ്ടിവരും. എന്തായാലും കഴിഞ്ഞ നവംബറിൽ നടന്ന കാവ്യാ മാധവനുമായുളള വിവാഹം ശേഷമുളള ദിലീപിന്‍റെ ആദ്യ തിരുവോണം ഇത്തവണ ആലുവ സബ് ജയിലിൽ ആയിരിക്കും.
