അമ്മയ്‍ക്ക് പുറമേ മറ്റ് സിനിമാ സംഘടനകളും ദിലീപിനെ കൈയ്യൊഴിഞ്ഞു. സ്വന്തം നേതൃത്വത്തില്‍ രൂപീകരിച്ച ഫിയോക്കും ദിലീപിനെ പുറത്താക്കി.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ വെല്ലുവിളിച്ച് ദിലീപിന്‍റെ നേതൃത്വത്തില്‍ അടുത്തിടെ രൂപം കെണ്ട തീയേറ്റര്‍ ഉടമകളുടെ സംഘടനയാണ് ഫിയോക്. ദിലീപ് പ്രസിഡന്‍റായ ഫിയോകിൽ നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമ പ്രതിനിധികളുമാണ് അംഗങ്ങള്‍. സംഘടനാ അധ്യക്ഷനേറ്റ തിരിച്ചടിയെ തുടര്‍ന്ന് അടിയന്തരമായി കോഴിക്കോട് ചേര്‍ന്ന 31 അംഗ യോഗമാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പുതിയ അധ്യക്ഷനെ ബുധനാഴ്ച എറണാകുളത്ത് ചേരുന്ന യോഗം തെരഞ്ഞെടുക്കും. ദിലീപിന്‍റെ പ്രവൃത്തിയെ സംഘടന അപലപിച്ചു.

നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും ദിലീപിനെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി. സഹസംവിധായകൻ എന്ന നിലയിലാണ് ദിലീപിന് ഫെഫ്കയിൽ അംഗത്വമുണ്ടായിരുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റ എക്സിക്യുട്ടീവ് യോഗമാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്.