കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപ് ചിത്രങ്ങളുടെ ഭാവി ആശങ്കയില്‍. നിര്‍മാണം പൂര്‍ത്തിയായ രാമലീല റിലീസ് കാത്തിരിക്കുന്നു. രണ്ട് ചിത്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്ന് ചിത്രങ്ങളുടെ ഭാവി തുലാസിലായതോടെ നിര്‍മാതാക്കളുടെ മുപ്പത് കോടിയോളം രൂപ അനിശ്ചിതത്വത്തിലായി.

പുലിമുരുകന്റെ വന്‍വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ദിലീപ് ചിത്രം രാമലീല കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടായിരുന്നു. എന്നാല്‍ തീയറ്ററുകള്‍ ബുക്ക് ചെയ്ത ശേഷം അവസാന നിമിഷം റിലീസ് നീട്ടി. അണിയറക്കാര്‍ കാരണം വ്യക്തമാക്കുന്നില്ലെങ്കിലും നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണമാണ് റിലീസ് വൈകിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയ്ക്ക് 11 കോടിയോളം രൂപയാണ് നിര്‍മാണ ചെലവ്. പുതിയ സാഹചര്യത്തില്‍ രാമലീലയുടെ റിലീസ് അനന്തമായി നീളും.

ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന കമ്മാര സംഭവമാണ് ദിലീപിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം. നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കമ്മാര സംഭവിന്റെ ചെലവ് 12 കോടി രൂപയാണ്. ദിലീപിന്റെ കരിയറിലെ ആദ്യ ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സനല്‍ തോട്ടമാണ്. പത്ത് കോടിയ്ക്ക് മുകളിലാണ് പ്രൊഫസര്‍ ഡിങ്കന്റെയും നിര്‍മാണ ചെലവ്.

മൂന്ന് ചിത്രങ്ങളുടെയും ഭാവി തുലാസിലായതോടെ നിര്‍മാതാക്കളുടെ മുപ്പത് കോടിയോളം രൂപ അനിശ്ചതത്വത്തിലായി. ദിലീപ് എന്ന് പുറത്തിറങ്ങും എന്ന് വ്യക്തമല്ലാത്തതിനാല്‍ പണം പലിശയ്ക്ക് എടുത്ത നിര്‍മാതാക്കളുടെ നഷ്ടം വരും ദിവസങ്ങളില്‍ ഇനിയും കൂടും.