കൊച്ചി: അവസാന പ്രതീക്ഷ എന്ന നിലയ്ക്ക് അഞ്ചാമതും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന് ജാമ്യഹർജി പരിഗണിച്ചപ്പോൾ തന്നെ തിരിച്ചടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വീണ്ടും എന്തിന് വന്നുവെന്ന് ദിലീപിന്‍റെ അഭിഭാഷകരോട് ചോദിച്ചു.
മുൻപ് രണ്ടു തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസിന്‍റെ ബെഞ്ചിൽ തന്നെയാണ് ഹർജി വീണ്ടും എത്തിയിരിക്കുന്നത്. മുൻപ് രണ്ടു തവണയും ജാമ്യം നിഷേധിക്കാൻ കാരണമായ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും ഇതിന് മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം മുന്നോട്ടുപോവുകയാണ്. ആകെയുണ്ടായ മാറ്റം ദിലീപ് കൂടുതല്‍ ദിവസം ജയിലില്‍ കിടന്നു എന്നത് മാത്രമാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോള്‍ വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു എന്ന സുപ്രധാന ചോദ്യമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്.
ദിലീപിന്‍റെ ജാമ്യഹർജി സ്വീകരിച്ച കോടതി 26ന് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കാൻ കോടതി സമയം അനുവദിക്കുകയായിരുന്നു. 26ന് നിലപാട് അറിയിക്കാനാണ് പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ പരിഗണനയിൽ വരുന്നുണ്ട്. ഈ ഹർജി കോടതി 25ന് പരിഗണിക്കുന്നുണ്ട്.
അഞ്ചാം തവണ സമർപ്പിച്ചിരിക്കുന്ന ജാമ്യ ഹർജിയിൽ മുൻഭാര്യ മഞ്ജുവാര്യർക്ക് എഡിജിപി ബി.സന്ധ്യയുമായുള്ള അടുത്ത ബന്ധത്തെ ദിലീപ് സൂചിപ്പിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം സന്ധ്യയുടെ മേൽനോട്ടത്തിലാണ് മുന്നോട്ടുപോകുന്നത്.
കൊടുംകുറ്റവാളിയായ പൾസർ സുനി തനിക്കെതിരേ നൽകിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് പോലെ താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
