കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കുറച്ചു സമയത്തിനുള്ളിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കുമെന്നാണു സൂചന. ഗൂഢാലോചന കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല ആക്രമണത്തിനു പിന്നിലെന്നും വ്യക്തി വൈരാഗ്യം മാത്രമാണ് കാരണമെന്നും പോലീസ് പറയുന്നു. ദിലീപ് ഇപ്പോൾ ആലുവ പോലീസ് ക്ലബ്ബിലാണുള്ളത്.
അതേസമയം, ദിലീപിനൊപ്പം പോലീസ് ചോദ്യം ചെയ്ത സംവിധായകൻ നാദിർഷയെ സംബന്ധിച്ച് പോലീസ് വ്യക്തമായ ഉത്തരം നൽകുന്നില്ല. ജയിലിൽനിന്ന് കേസിലെ പ്രതിയായ പൾസർ സുനി നാദിർഷയെ ഫോണ് ചെയ്തെന്ന മൊഴികൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ നാദിർഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. അതേസമയം, ദിലീപിന്റെ അറസ്റ്റിനോടു പ്രതികരിക്കാനില്ലെന്ന് ആക്രമണത്തിനിരയായ നടിയുടെ കുടുംബം പ്രതികരിച്ചു.
