കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടതിയിൽ നാളെ ഹര്‍ജി നല്‍കുമെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചത്. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് മാറ്റാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. നാദി‍ര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

അറസ്റ്റിലായി രണ്ടുമാസം പിന്നിട്ടതോടെയാണ് നാലാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഒരു തവണ സെഷന്‍സ് കോടതിയും പിന്നീട് രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റിലായിട്ട് 60 ദിവസങ്ങള്‍ കഴിഞ്ഞെന്നും അന്വേഷണത്തില്‍ പുതുതായൊന്നും ഇല്ലെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിക്കുക. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.