ആലുവ: നായകന്‍ ജയിലിലായിരിക്കുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നത് മലയാള സിനിമയില്‍ ഇത് ആദ്യത്തെ സംഭവം. രാമലീല എന്ന ചിത്രം റിലീസ് ചെയ്യുമ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലാണ്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

യാദൃശ്ചികമെന്നോണം സിനിമയിലെ ചില സംഭാഷണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും ദിലീപിന്‍റെ ജീവിതവുമായുള്ള അസാധാരണ സാമ്യം ചര്‍ച്ചയാകുന്നുണ്ട്. ദിലീപ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. കേരളത്തിലെ ഒട്ടുമിക്ക പ്രദര്‍ശന കേന്ദ്രങ്ങളും ഇന്ന് ഹൗസ്ഫുള്ളായിരുന്നു. 

സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സിനിമയുടെ വിജയത്തെക്കുറിച്ച കേട്ടറിഞ്ഞ ദിലീപ് വികാരാധീനനായി പൊട്ടിക്കരഞ്ഞു. ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടാണെന്ന് ഇവര്‍ ദിലീപിനെ അറിയിച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാമലീല റിലീസായത്.