ആലുവ: അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത കേട്ടിട്ടും നടന്‍ ദിലീപിന് ജയിലിനുള്ളില്‍ ഭാവഭേദമൊന്നുമില്ല. നാലാം തവണയും ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത ജയില്‍ വാര്‍ഡനാണ് ദിലീപിനെ അറിയിച്ചത്. എന്നാല്‍ താരം വൈകാരിക പ്രതികരണത്തിനൊന്നും ഇത്തവണ മുതിര്‍ന്നില്ല.

ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്തകളോട് താരം നേരത്തെ അതിവൈകാരികമായാണ് പ്രതികരിച്ചിരുന്നത്. ചിലപ്പോഴൊക്കെ പൊട്ടിക്കരഞ്ഞും ജയിലിലെ ചുവരില്‍ തലയിട്ടടിച്ചും ദിലീപ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു ഭാവഭേദവും ഉണ്ടായില്ല.

വിവരം അറിഞ്ഞപ്പോള്‍ എഴുത്തിന്‍റെ തിരക്കിലാണ് താരമെന്നാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എഴുത്ത് കഴിഞ്ഞാല്‍ വായനക്കാണ് ദിലീപ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മലയാളത്തിലെ മികച്ച കഥകളും തിരക്കഥകളും വാങ്ങി ജയിലില്‍ എത്തിക്കാന്‍ താരം അനുജനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സെല്ലിനുള്ളില്‍ ബ്ലാങ്കറ്റില്‍ പത്രം വിരിച്ചാണ് എഴുതുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും എഴുത്തും വായനയും മുടക്കിയിട്ടില്ല. പഴയതുപോലെ വിഷാദമൂകനായി ഇരിക്കാതെ സഹതടവുകാരോട് തമാശ പറയാനും ദിലീപ് സമയം കണ്ടെത്തുന്നുണ്ട്.