നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നാളെ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കും. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി നാളെത്തന്നെയാണ് പരിഗണിക്കുന്നത്. ഇരു ഹര്‍ജികളെയും ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം
അറസ്റ്റിലായി രണ്ടുമാസം പിന്നിട്ടതോടെയാണ് നാലാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്. അറസ്റ്റിലായിട്ട് 60 ദിവസങ്ങള്‍ കഴിഞ്ഞെന്നും അന്വേഷണത്തില്‍ പുതുതായൊന്നും ഇല്ലെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിക്കുക. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. നാളെ ഹര്‍ജി സമര്‍പ്പിച്ചാലും കോടതി മറ്റെന്നാളായിരിക്കും പരിഗണിക്കുക. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണത്തിനായി മാറ്റിവെയ്ക്കാനാണ് സാധ്യത. അടുത്തയാഴ്ച മാത്രമേ ഹര്‍ജിയില്‍ വാദം നടക്കൂ.
സംവിധായകന്‍ നാദര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കും. സംഭവത്തിന്റെ ഗൂഡാലോചനയില്‍ നാദിര്‍ഷക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജി അനുവദിക്കരുതെന്നുമാകും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക. കൃത്യത്തിന് മുമ്പ് ദിലീപ് പറഞ്ഞിട്ട് നാദിര്‍ഷ പണം നല്‍കിയെന്ന സുനില്‍കുമാറിന്റെ മൊഴിയും സര്‍ക്കാര്‍ കോടതിയില്‍ അവതരിപ്പിക്കും.
