മലയാള സിനിമാ ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹതിരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് രാവിലെ 9.45 ഓടെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. രാവിലെ 9.30ഓടെ ഇരുവരും ഹോട്ടലിലെത്തി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെങ്കിലും മാധ്യമങ്ങള്‍ക്കെല്ലാം പ്രവേശനമുണ്ടായിരുന്നു. മകള്‍ മീനാക്ഷിക്കും കുടുംബാങ്ങള്‍ക്കും ഒപ്പം ദിലീപാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടു പിന്നാലെ മാതാപിതക്കള്‍ക്കും ഒപ്പം കാവ്യാ മാധാവനും കതിര്‍ മണ്ഡപത്തിലെത്തി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

സിനിമാ ലേകത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ  വിവാഹം നടക്കുന്ന ഹോട്ടലില്‍ എത്തിയിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ വിവാഹം നടക്കുമെന്ന് രാവിലെ 8.30ഓടെയാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. വിവാഹത്തിന് പ്രേക്ഷകരുടെ എല്ലാ പിന്തുണയും വേണമെന്നും മകള്‍ മീനാക്ഷിയുടെ പിന്തുണ വിവാഹത്തിനുണ്ടെന്നും വിവാഹത്തിന് മുമ്പ് ദിലീപ് പറഞ്ഞു. സിനിമാ രംഗത്തെ പലരെയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമൊക്കെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണ വിവാഹത്തിനുണ്ടെന്നും ദിലീപ് പറഞ്ഞു. മാധ്യമങ്ങളെ അറിയിച്ച ശേഷമായിരിക്കും വിവാഹമെന്ന് ദിലീപ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇതിനകം പലതവണ വിവാഹം സംബന്ധിച്ച വാര്‍ത്തകളും ഗോസിപ്പുകളും പരന്നപ്പോഴും ഇരുവരും നിഷേധിക്കുകയായിരുന്നു. 1998 ഓക്ടോബര്‍ 20ന് വിവാഹം കഴിച്ച ദിലീപ് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. 2009ലാണ് കാവ്യാ മാധാവനും നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം . 2011ലായിരുന്നു കാവ്യയുടെ വിവാഹമോചനം. ഇരുപതിലേറെ ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ വിവാഹമോചനത്തിന് പിന്നാലെ കാവ്യയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇരുവരും പിന്നെയും അത് നിഷേധിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് വിവാഹം നടന്നപ്പോള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് അത് പുറത്തറിഞ്ഞത്. വിവാഹം കഴിഞ്ഞ് ഇന്ന് വൈകുന്നേരം തന്നെ ഇരുവരും ദുബായിലേക്ക് പോകും.