ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആലപ്പുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍.
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടതിസമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കുക ഒരു ബിഗ് ബജറ്റ് ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്. നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഒരു വടക്കന്‍ സെല്‍ഫി'യുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുക. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ബിജു മേനോന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷമാവും പ്രജിത്ത് ദിലീപ് ചിത്രത്തിലേക്ക് കടക്കുക.
തോട്ടുംപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുംപുറം നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അഭിലാഷ് പിള്ള, ടി എന്‍ സുരാജ് എന്നിവര്‍ ചേര്‍ന്നാണ്. ഈ പ്രോജക്ടിനെക്കുറിച്ച് മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല.
അതേസമയം ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആലപ്പുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ആദ്യമായാണ് ദിലീപ് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ വില്ലന് ശേഷമെത്തുന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രമാണ് ഇത്.
റാഫി രചന നിര്‍വ്വഹിച്ച് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന് പൂര്‍ത്തിയാക്കേണ്ട മറ്റൊരു പ്രോജക്ട്. നാദിര്‍ഷ ഉള്‍പ്പെടെയുള്ളവരുടെ ചില ചിത്രങ്ങളുടെ ചര്‍ച്ചകളും ദിലീപുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നാണ് അറിവ്.
