ഗുവാഹത്തി: പ്രശസ്ത ആസാമി ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായ അബ്‌ദുള്‍ മജീദ് (86) അന്തരിച്ചു. ദീര്‍ഘകാലമായി രോഗാവസ്ഥയിലുള്ള ഇദ്ദേഹം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ചമേലി മെംസാഹബ് എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അബ്‌ദുള്‍ മജീദിന്‍റെ വേര്‍പാടില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ത സോനോവല്‍ ദുഖം രേഖപ്പെടുത്തി.
ആസാമി സിനിമയ്ക്ക് പുതിയ മുഖം നല്‍കിയ സംവിധായകനും സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനുമായിരുന്നു അബ്‌ദുള്‍ മജീദെന്ന് സോനോവല്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗായി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ജോര്‍ഹട്ടില്‍ 1931ല്‍ ജനിച്ച അബ്‌ദുള്‍ മജീദ് 1957ല്‍ പുറത്തിറങ്ങിയ റോങ്ക പൊലിസ് എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തി.
മൊറോം ത്രിഷ്ന, ബോണോഹന്‍ഷ, ബൊന്‍ജ്യു, പുനോകോണ്‍, ഉത്തര്‍കല്‍ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. ചമേലി മെംസാഹബിലെ മികവിന് ഭൂപന്‍ ഹസാരെയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ആസാം സര്‍ക്കാര്‍ പ്രസിദ്ധമായ ബിഷ്‌ണു പ്രസാദ് രബാ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
