Asianet News MalayalamAsianet News Malayalam

'പവനായി, മമ്മൂക്ക ചെയ്യാനാഗ്രഹിച്ച കഥാപാത്രം' ലാല്‍ പറയുന്നു...

''അക്കാലത്ത് സിനിമാ മോഹങ്ങളും ഏറെയുണ്ടായിരുന്നു. നാടോടിക്കാറ്റിന്റെ കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്''

director lal shares memory on captain raju
Author
Trivandrum, First Published Sep 17, 2018, 12:27 PM IST

ആവനാഴിയിലെ 'സത്യരാജ്'.. ടി.ദാമോദരന്റെ ഐ വി ശശി ചിത്രം പുറത്തിറങ്ങുന്ന 1986 വരെ ക്യാപ്റ്റന്‍ രാജു എന്നാല്‍ ശരീരഭാഷയില്‍ തന്നെ വില്ലന്‍ ഭാവം എടുത്തണിഞ്ഞ നടനായിരുന്നു. എന്നാല്‍ തൊട്ടുപിറ്റേവര്‍ഷം പുറത്തിറങ്ങിയ ഒരു സിനിമയും കഥാപാത്രവും അദ്ദേഹത്തിന്റെ സ്‌ക്രീന്‍ ഇമേജിനെ അടിമുടി മാറ്റിപ്പണിതു. ക്യാപ്റ്റന്‍ രാജു എന്ന് കേള്‍ക്കുമ്പോള്‍ പുതിയ തലമുറയുടെ മനസിലേക്ക് പെട്ടെന്ന് വരുന്ന സിനിമയും കഥാപാത്രവും തന്നെയാണ് അത്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് പുറത്തുവരുന്നത് 1987ലാണ്. ചിത്രത്തിന്റെ വിജയത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍ കഥാപാത്രങ്ങളെപ്പോലെതന്നെ പങ്കുണ്ടായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ പവനായിക്കും. ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിന്റേതായിരുന്നു. സ്‌ക്രീനില്‍ വില്ലനായി നിറഞ്ഞുനിന്ന ക്യാപ്റ്റന്‍ രാജുവിനെ എന്തുകൊണ്ട് ഒരു വില്ലന്റെ സ്പൂഫ് ആക്കി? ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതിനെക്കുറിച്ചും ക്യാപ്റ്റന്‍ രാജുവിനെ തീരുമാനിച്ചതിനെക്കുറിച്ചും ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ഒപ്പം കൗതുകമുണര്‍ത്തുന്ന ഒരു വിവരവും 'പവനായി'യെക്കുറിച്ച് ലാല്‍ പങ്കുവെക്കുന്നു.മമ്മൂട്ടിയെ ആകര്‍ഷിച്ച കഥാപാത്രമായിരുന്നു അതെന്നും പവനായിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ആഗ്രഹിച്ചിരുന്നുവെന്നുമാണ് അത്.

പവനായിയെ ഓർത്തെടുത്ത് ലാൽ...

''പവനായി എന്ന കഥാപാത്രത്തിന്റെ പ്രത്യേകത തന്നെ... രൂപത്തിലും സ്വഭാവത്തിലുമുള്ള ആ വലിയ അന്തരമുണ്ടല്ലോ, അതുതന്നെയായിരുന്നു. കാണുമ്പോ ഒരു പ്രൊഫഷണല്‍ കില്ലറുടെ സീരിയസ്‌നെസായിരിക്കണം. സ്വഭാവം, ശരിക്ക് പറയുകയാണെങ്കില്‍ ഭയങ്കര ക്യൂട്ടായിരിക്കണം. അന്ന് മലയാള സിനിമയില്‍ അങ്ങനെയുള്ള പരീക്ഷണങ്ങളൊന്നും വലുതായി നടന്നിട്ടില്ല. എങ്കിലും ആ കഥാപാത്രം ശരിക്കും സ്‌ക്രീനില്‍ കാണാനാഗ്രഹിച്ചിരുന്നു. 

director lal shares memory on captain raju

അക്കാലത്ത് സിനിമാ മോഹങ്ങളും ഏറെയുണ്ടായിരുന്നു. നാടോടിക്കാറ്റിന്റെ കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. അദ്ദേഹം കഥ വിശദമായി കേട്ടു. രസകരമായ സംഗതിയെന്തെന്നാല്‍, ആ കഥയില്‍ മമ്മൂക്കയ്ക്ക് സ്‌ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. അന്നൊക്കെ മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ഞങ്ങളുടെ കഥയോടുള്ള ഇഷ്ടം കാരണം അദ്ദേഹം തന്നെ ഇടപെട്ട് പലരോടും ഞങ്ങളെക്കൊണ്ട് ആ കഥ പറയിക്കുമായിരുന്നു. 

പിന്നെയാണ് ആ ആഗ്രഹം തുറന്നുപറയുന്നത്. മമ്മൂക്കയ്ക്ക് 'പവനായി' എന്ന കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്ന്. ശരിക്കും ഭയങ്കര കൗതുകമുള്ള സംഭവമല്ലേ, നായകനമായി, സ്റ്റാറായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് പറയുന്നത്. ആ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയില്‍ അദ്ദേഹം അത്രയും ആകര്‍ഷിക്കപ്പെട്ടിരുന്നു. പിന്നീട് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത് സത്യന്‍ അന്തിക്കാടാണ്. 

അത് എക്കാലത്തേയും ഹിറ്റ് കഥാപാത്രമായി. കാഴ്ചയില്‍ വലിയ രൂപമുള്ള ഒരാള്‍, കാണിക്കുന്ന ഓരോ മൂവ്‌മെന്റും തമാശ. അദ്ദേഹം ആ കഥാപാത്രത്തെ ഭയങ്കര വഴക്കത്തോടെയാണ് ചെയ്തത്. ആ ഉയരവും, നിറവും അദ്ദേഹത്തിന്റെതായ എല്ലാ സവിശേഷതകളും ആ കഥാപാത്രത്തിന് നന്നായിട്ട് ഇണങ്ങി. 

 

ഇപ്പറഞ്ഞത് പോലൊക്കെ തന്നെയായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന മനുഷ്യനും. വലിയ രൂപവും ആളും ഒക്കെയാണ്, പക്ഷേ വളരെ സോഫ്റ്റായ മനസ്സാണ്. തമാശ കേട്ടാല്‍ ചിരിക്കുന്ന, വിഷമിപ്പിക്കുന്ന വല്ലതും കേട്ടാല്‍ ഉടന്‍ കരയുന്ന... അങ്ങനെയൊക്കെയുള്ള തരത്തിലൊരു മനുഷ്യന്‍. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന ഒരാള്‍. ജീവിതത്തിലെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങളൊക്കെ പോയിപ്പറഞ്ഞാല്‍ ഉടന്‍ തന്നെ പിടിച്ചിരുത്തി, ഒരുപാട് കാര്യങ്ങളൊക്കെ പറഞ്ഞുതരും. വിവാഹങ്ങള്‍ക്കൊക്കെ കൂടുന്നത് വീട്ടിലെ ഒരാളെപ്പോലെയാണ്. നാടകത്തിലും അദ്ദേഹത്തിന് അനുഭവങ്ങളേറെയുണ്ടായിരുന്നു. പക്ഷേ സിനിമയില്‍ അദ്ദേഹത്തിന് വേണ്ടത്ര ഒരിടം കിട്ടിയിട്ടില്ലെന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. എന്തൊക്കെയോ ചെയ്യണമെന്ന് ഭയങ്കരമായിട്ട് ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനൊന്നും സാധിച്ചില്ല. 

പിന്നീട് കാബൂളിവാല എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചപ്പോഴാണ് അദ്ദേഹവുമായിട്ട് കുറേയൊക്കെ അടുത്തിടപഴകുന്നത്. വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രം ചെയ്ത് ഏതാണ്ട് മടുത്തിരിക്കുന്ന സമയത്താണ് ഒരു ബ്രേക്ക് പോലെ, കാബൂളിവാലയിലെ കഥാപാത്രവും അദ്ദേഹത്തിന് കിട്ടുന്നത്. ഒരേസമയം ബോള്‍ഡും സെന്റിമെന്റലുമാകുന്ന ഒരു കഥാപാത്രം. ചിത്രത്തിലെ നായിക കഥാപാത്രമായ ലൈലയുടെ അച്ഛനായിട്ടായിരുന്നു അദ്ദേഹത്തിന്റെ റോള്‍. ഒരു വലിയ സര്‍ക്കസ് കൂടാരത്തിന്റെ ഉടമയായിട്ട്. എത്രയോ ആളുകള്‍ ആശ്രയിക്കുന്ന ഒരു വലിയ വ്യക്തിത്വമുള്ള, പ്രഭാവമൊക്കെയുള്ള റോള്‍. ആ കഥാപാത്രത്തിന് ക്യാപ്റ്റന്‍ രാജുവല്ലാതെ മറ്റൊരു മുഖവും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നില്ല. 

പാട്ടും ഡാന്‍സുമൊക്കെയുണ്ടായരുന്നു അദ്ദേഹത്തിന് ആ സിനിമയില്‍. അങ്ങനൊരു ജോളി മൂഡ് സിനിമ വേറെ ചെയ്തിട്ടില്ലെന്ന് സന്തോഷത്തോടുകൂടി എപ്പോള്‍ കാണുമ്പോഴും പറയുമായിരുന്നു. ഈ അടുത്ത കാലത്ത് ആരോഗ്യപ്രശ്‌നങ്ങളൊക്കെയുള്ളപ്പോള്‍ പോലും തമ്മില്‍ കണ്ടപ്പോള്‍ പറഞ്ഞത് കാബൂളിവാലയിലെ ആ വേഷത്തെപ്പറ്റിയായിരുന്നു...''
 

Follow Us:
Download App:
  • android
  • ios