Asianet News MalayalamAsianet News Malayalam

'നിര്‍മ്മാതാവ് പറയുന്നത് കേട്ടില്ലെങ്കില്‍ ഫെഫ്ക പിന്തുണയ്ക്കില്ലെന്ന് ബി ഉണ്ണികൃഷ്ണനും രണ്‍ജി പണിക്കരും പറഞ്ഞു'


മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി സംവിധായകൻ സജീവ് പിള്ള.  മലയാള സിനിമയില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനപരിചയവുമായി ആണ് മാമാങ്കം സംവിധാനം ചെയ്യാൻ ഒരുങ്ങിയത്. രണ്ട് പതിറ്റാണ്ടായി പ്രയത്നിച്ചുണ്ടാക്കിയതാണ് മാമാങ്കം എന്ന സ്വപ്ന പദ്ധതി. പണാധികാരവും സ്വാധീനവും ഉപയോഗിച്ച് ഒരാള്‍ തീരുമാനിച്ചാല്‍ നിയമപരവും യുക്തിപരവും ധാര്‍മ്മികമായും അവസാനിക്കുന്നതല്ല തനിക്ക് മാമാങ്കം എന്ന സിനിമയുമായുള്ള ബന്ധം എന്നും സജീവ് പിള്ള പറയുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജീവ പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Director Sajeev Pillai about Mamankam controversy
Author
Thiruvananthapuram, First Published Feb 2, 2019, 6:00 PM IST

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി സംവിധായകൻ സജീവ് പിള്ള.  മലയാള സിനിമയില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനപരിചയവുമായി ആണ് മാമാങ്കം സംവിധാനം ചെയ്യാൻ ഒരുങ്ങിയത്. രണ്ട് പതിറ്റാണ്ടായി പ്രയത്നിച്ചുണ്ടാക്കിയതാണ് മാമാങ്കം എന്ന സ്വപ്ന പദ്ധതി. പണാധികാരവും സ്വാധീനവും ഉപയോഗിച്ച് ഒരാള്‍ തീരുമാനിച്ചാല്‍ നിയമപരവും യുക്തിപരവും ധാര്‍മ്മികമായും അവസാനിക്കുന്നതല്ല തനിക്ക് മാമാങ്കം എന്ന സിനിമയുമായുള്ള ബന്ധം എന്നും സജീവ് പിള്ള പറയുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജീവ പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചിത്രത്തിന്റെ, മംഗലാപുരത്ത് നടന്ന ആദ്യ ഷെഡ്യൂളില്‍ത്തന്നെ സംവിധായകന്റെ പരിചയക്കുറവ് ബോധ്യമായെന്നും തുടര്‍ന്ന് രണ്ടാം ഷെഡ്യൂളില്‍ സംവിധായകന്റെ കൂടി സമ്മതപ്രകാരം രണ്ട് അസോസിയേറ്റ് ഡയറക്ടേഴ്സിനെ ഏര്‍പ്പെടുത്തിയെന്നും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞിരുന്നു. പിന്നീട് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ സംവിധായകന്‍ സഹകരിച്ചില്ല. അതിനാല്‍ 45 ദിവസത്തേക്ക് പ്ലാന്‍ ചെയ്ത ചിത്രീകരണം 27-ാം ദിവസം നിര്‍ത്തിവച്ചു. സംവിധായകന്‍ പറയുന്നതില്‍ നിന്ന് വിരുദ്ധമായി പ്രതിഫലമായി ഇതിനകം 21.75 ലക്ഷം ഇതിനകം നല്‍കിയിട്ടുണ്ടെന്നും വേണു കുന്നപ്പിള്ളി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വേണു കുന്നപ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞാണ് സജീവ് പിള്ള ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സജീവ് പിള്ളയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

പരിചയക്കുറവില്ല

മലയാള സിനിമയില്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനപരിചയമുണ്ട്. സിനിമയെന്താണെന്നും അതിന്റെ സങ്കേതങ്ങള്‍ എന്താണെന്നും എനിക്ക് വ്യക്തമായി അറിയാം. വിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്‍ണനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഴല്‍ക്കുത്തില്‍ മുഖ്യ സംവിധാനസഹായിയായും അദ്ദേഹത്തിന്റെ മറ്റ് നാല് ഡോക്യുമെന്ററികളില്‍  സംവിധാന സഹായിയായും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചരിത്രവുമായി ബന്ധപ്പെട്ട ഹ്രസ്വ ചിത്രങ്ങളും സംസ്ഥാന, ദേശീയ ഏജൻസികള്‍ക്ക് വേണ്ടി നിരവധി ഡോക്യുമെന്ററികളും ചെയ്‍തിട്ടുണ്ട്. എസ് കുമാര്‍, എം ജെ രാധാകൃഷ്‍ണൻ, രാജീവ് രവി, മധു നീലകണ്ഠൻ, എൻ ഹരികുമാര്‍, ബി അജിത് കുമാര്‍ തുടങ്ങി മലയാള സിനിമയിലെ പല പ്രമുഖരും എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരാരും എനിക്ക് സംവിധാനമറിയില്ല എന്ന് പറഞ്ഞതായി അറിവില്ല. സുഹൃത്തുക്കളുടെ നിക്ഷേപത്തില്‍ നിര്‍മ്മിച്ച ഫീച്ചര്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മറ്റൊരു സ്കെയിലിലും, സ്വഭാവത്തിലുമുള്ള ചിത്രമാകയാല്‍, ഈ വലിയ സിനിമ പുറത്തുവരാതെ അത് പുറത്തിറക്കരുതെന്ന മാമാങ്കം നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അതിന്റെ പൂര്‍ത്തീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഭിന്നതയ്‍ക്ക് കാരണം

നിര്‍മ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹത്തിന് സിനിമ മറ്റ് ചില മേഖലകളിലേക്കുള്ള വഴിയാണോ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമ ബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതുവരെ കാര്യങ്ങളെ എത്തിച്ചത്. സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിംഗ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത്. ഞാൻ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ആയിരുന്നു നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍. എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് സെറ്റിട്ടാല്‍ മതി എന്നായിരുന്നു പറഞ്ഞത്. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നിതിനിടയാക്കും എന്ന് ഞാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹം പദ്ധതിയുമായി മുന്നോട്ടുപോയി. സെറ്റ് നിര്‍മ്മിക്കാൻ വേണ്ടി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വന്നത്. അക്കാര്യം ചോദിച്ചപ്പോള്‍ അനുമതി വാങ്ങിയെന്നായിരുന്നു മറുപടി. ഷൂട്ടിംഗ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീര്‍ത്തടമാക്കാം എന്ന ഉറപ്പും പറഞ്ഞു. നികത്തിയെടുത്ത വയലുകളോ തണ്ണീര്‍ത്തടങ്ങളോ പിന്നീട് പൂര്‍വസ്ഥിതിയിലായിട്ടില്ല എന്ന് ഞാനും പറഞ്ഞു. അത് സംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. ആദ്യമായി, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി എന്നെ ഓര്‍മ്മിപ്പിക്കുന്നത് അപ്പോഴാണ്.


കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നും ഏറ്റവും മികച്ചതില്‍ ഒന്നാണെന്നും മമ്മൂട്ടി വിശേഷിപ്പിച്ച തിരക്കഥ കേവലം മൂന്ന് ലക്ഷം രൂപയ്ക്ക് നിര്‍മ്മാതാവ് കൈവശപ്പെടുത്തി എന്നു പറയുന്നു. തിരക്കഥയ്‍ക്ക് മാത്രമായി 12 വര്‍ഷത്തെ അദ്ധ്വാനം നടത്തിയെന്നത് ഒഴിവാക്കിയാല്‍ തന്നെ ഇതിനായി വേണ്ടിവന്ന യാത്രകള്‍ക്കും മറ്റ് ചെലവുകള്‍ക്കും മാത്രമായി ഇതിന്റെ അത്രയോ ഇരട്ടി ആയിട്ടുണ്ടാകും. പ്രൊജക്റ്റ് ആയി രൂപപ്പെടുത്താൻ ആറു വര്‍ഷത്തെ പ്രയത്നവും ചിലവും വേറെയും. അങ്ങനെ രൂപംകൊണ്ട ഒരു പ്രൊജക്റ്റ് എന്തിന് മൂന്ന് ലക്ഷം രൂപയ്ക്ക് കൊടുക്കണം. ഞാൻ തന്നെ സംവിധാനം ചെയ്യുമെന്നും സംവിധാനത്തിനായി 20 ലക്ഷം രൂപയും അതിന്രെ പൂര്‍ത്തീകരണത്തിനു ശേഷം ലാഭവിഹിതം ഉള്‍പ്പെടെ പങ്കിടാമെന്നുമുളള ഉറപ്പിൻമേലാണ് മൂന്ന് ലക്ഷം രൂപ സമ്മതിക്കുന്നത്. മൂന്ന് ലക്ഷം രൂപ സമ്മതിച്ചതോടു കൂടി സ്ക്രിപ്റ്റും പ്രൊജക്റ്റും തന്റേതായി എന്ന് നിര്‍മ്മാതാവ് വാദിക്കുന്നത് എന്ത് യുക്തിയിലാണ്?


കരാര്‍

ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ വെറും ഫോര്‍മാലിറ്റിക്ക് വേണ്ടിയാണെന്ന് വിശ്വസിപ്പിച്ചാണ് കരാറില്‍ തിരക്കുപിടിച്ച് ആ സമയത്ത് ഒപ്പിടിവിക്കുന്നത്. ആ തിടുക്കത്തില്‍ നിയമപരിജ്ഞാനമുള്ള ഒരാളുമായി ചര്‍ച്ച ചെയ്യാൻ പോലും പറ്റുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍ അപെക്സ് ബോഡിയായ ഫിലിം ചേമ്പര്‍ ഈ കരാറിനെ അംഗീകരിച്ചിരുന്നില്ല എന്നാണ് വാസ്തവം. അത്രയധികം ഏകപക്ഷീയമാണ് ഈ കരാര്‍. ചേമ്പറിന് വേണ്ടി മറ്റൊരു കരാറാണ് വച്ചത്. അതില്‍ സിനിമയുടെ രചനയിലും സംവിധാനത്തിലുമുള്ള എന്റെ അവകാശം വ്യക്തമായി പറഞ്ഞിട്ടുണ്ട്. സാധാരണയായി ഫെഫ്കയും മറ്റ് സംഘടനകളും അംഗീകരിക്കുന്നത് ഫിലിം ചേമ്പറിലെ വ്യവസ്ഥകള്‍ മാത്രമാണ്. ആദ്യ ഘട്ടത്തില്‍ ആ നിലപാടില്‍ തന്നയായിരുന്നു ഫെഫ്‍കയും. രണ്ടാം ഷെഡ്യൂളിന് ശേഷം പ്രശ്‍നങ്ങള്‍ രൂക്ഷമായതിനു ശേഷമാണ് ഫെഫ്കയുടെ കൂടി നിര്‍ദ്ദേശപ്രകാരം ഒരു വക്കീലിനെ കാണുന്നത്. അപ്പോഴാണ് കരാറിലെ ചതിക്കുഴിയെ കുറിച്ച് മനസ്സിലാകുന്നത്.


നഷ്‍ടമുണ്ടാക്കിയിട്ടില്ല

ഒന്നാം ഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ‍്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്‍തു. അതിന് ഞാൻ ഒരു വിധേയനെയും ഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീര്‍ത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചു. ചെറുത്തുനിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് തറയൊരുക്കാൻ തന്നെ വലിയ തുക ആയിട്ടുണ്ട്. ഇത് സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണോ? നിര്‍മ്മാതാവിന്റെ സിനിമാബാഹ്യമായ ബിസിനസ് താല്‍പര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല.

10 ദിവസം കൊണ്ട് നാല് സിനിമയ്ക്കുള്ള ഫൂട്ടേജ് ഷൂട്ട് ചെയ്യാൻ എനിക്കാകില്ല

ആദ്യ ഷെഡ്യൂളിന്റെ അസംബിള്‍ഡ് ഫൂട്ടേജ് 30 മിനുട്ടോളം ആണുള്ളത്. റഫ് കട്ടില്‍ അത് 18 മിനുട്ടാണ്. അതെങ്ങനെയാണ് നാല് സിനിമയ്‍ക്കുള്ള ഫൂട്ടേജാകുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാം തരം സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് കൂടുതല്‍ ഫൂട്ടേജ് ഉണ്ടാകുന്നത് പരാജയമല്ലല്ലോ?

ശ്രീകര്‍ പ്രസാദ്  അങ്ങനെ പറഞ്ഞിട്ടില്ല

ഫൂട്ടേജ് മോശമാണെന്ന് ശ്രീകര്‍ പ്രസാദ് സാര്‍ പറഞ്ഞിട്ടില്ല. സംവിധായകനെ വരുതിക്ക് നിര്‍ത്തിക്കാൻ ശ്രീകര്‍ പ്രസാദ് സാറിന്റെ പേര് ഉപയോഗിച്ചുവെന്നത് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ക്ഷമാപണത്തോടെ സമ്മതിച്ചുവെന്ന് എനിക്ക് അറിയാവുന്നതാണ്. ഡയറക്ടറെ മാറ്റുകയാണെങ്കില്‍ പ്രൊജക്റ്റില്‍ ഉണ്ടാവുകയില്ലായെന്ന് അദ്ദേഹംതന്നെ പ്രൊഡക്ഷനെയും സഹപ്രവര്‍ത്തകരെയും പലവട്ടം അറിയിക്കുകയും ചെയ്‍തിട്ടുണ്ട്.

ഫെഫ്കയും പത്മകുമാറിന്റെ വരവും

പ്രശ്നങ്ങള്‍ രൂക്ഷമായതിനു ശേഷം ഞാൻ ഫെഫ്കയ്‍ക്ക് കത്ത് കൊടുത്തു. വസ്തുതകള്‍ വിശദീകരിച്ചും ഒരു വിദഗ്ദസമിതിയെ വെച്ച് ഫൂട്ടേജ് വിലയിരുത്തണമെന്നും ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും അഭ്യര്‍ഥിച്ചു. യൂണിയൻ ഇതുവരെ അതിന് തയ്യറായിട്ടില്ല. നിയമപരമായി നീങ്ങണമെന്ന്, ഫെഫ്കയുടെ നേതാക്കള്‍ പലതവണ എന്നോട് ആവര്‍ത്തിച്ചിരുന്നു. എന്റെ ഭാഗത്ത് ആണ് ശരിയെന്നും അവര്‍ പറഞ്ഞു.

ഫെഫ്കയിലുള്ള വിശ്വാസത്തിലും നീതിയും ശരിയും എന്റെ ഭാഗത്താണ് എന്ന ഉറപ്പിലുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള യോഗത്തിന് പോയത്. അവിടെ പ്രൊഡ്യൂസര്‍ അസോസിയേഷനും നിര്‍മ്മാതാവും ഒരേ കാര്യമായിരുന്നു എന്നോട് പറഞ്ഞത്. വര്‍ക്ക് അറിയില്ല. വേറെ ആളെ ഒപ്പം വയ്ക്കേണ്ടി വരും എന്നൊക്കെ. അത് എതിര്‍ത്തപ്പോള്‍ മീറ്റിംഗില്‍ നിന്ന് മാറ്റിനിര്‍ത്തി ഫെഫ്കയുടെ പ്രതിനിധികള്‍ എനിക്കൊരു ഉറപ്പുനല്‍കി. വരുന്നത് ഫെഫ്കയുടെ ആളായിരിക്കും. ഒരു ഘട്ടം കഴിയുമ്പോള്‍ പിൻമാറി പോയിക്കൊള്ളുമെന്നും. അത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍, ഫെഫ്‍ക പ്രതിനിധികള്‍ പരിശോധിച്ച്, തയ്യാറാക്കിയ മിനുട്സില്‍ ഒപ്പിടാൻ ഞാൻ നിര്‍ബന്ധിതനായി.  ആ മിനുട്സില്‍ എനിക്ക് തന്നെ ഉറപ്പുകള്‍ ഒന്നും ഉള്‍പപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല എല്ലാറ്റിന്റെയും ഉത്തരവാദിത്തം പ്രൊഡ്യൂസറെ ഏല്‍പ്പിച്ചിരിക്കുകയും ചെയ്യുന്നു.  അത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനി ഒരു കരാര്‍ ഉണ്ടാക്കുമെന്നും അതില്‍ സര്‍വതും ഉള്‍പ്പെടുത്തുമെന്നും കാര്യമാക്കേണ്ടയെന്നും ഉറപ്പ് നല്‍കി. പക്ഷേ ആ കരാര്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

പത്മകുമാര്‍ എന്നെ വ്യക്തിപരമായി കണ്ട് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പിന്നീട് തടസ്സം പറയാതിരുന്നത്. പ്രൊജക്റ്റ് തുടങ്ങിക്കിട്ടാൻ വേണ്ടി മാത്രമാണ് അദ്ദേഹം ഇടപെടുന്നത്. കുറച്ചുകഴിഞ്ഞ് ഇത് ഒഴിവാക്കി സ്വന്തം പ്രൊജ്റ്റുകളുമായി പോകുമെന്നും ഞാനുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് എല്ലാം എന്റെ കൈവിട്ടുപോകുകയായിരുന്നു.

ഞാനറിയാതെ തീരുമാനങ്ങള്‍ വന്നു തുടങ്ങി. മീറ്റിംങ്ങുകളിലേക്കൊന്നും എന്നെ വിളിച്ചില്ല. ഫെഫ്കയുടെ അടുത്ത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. അടുത്തദിവസം നിര്‍മ്മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ നേതാക്കളും എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. നിരവധി ഭീഷണികള്‍ ഉണ്ടായെങ്കിലും ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറാൻ ഞാൻ തയ്യാറായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്ക് കത്തയച്ചപ്പോള്‍ ബി ഉണ്ണികൃഷ്‍ണനും രണ്‍ജി പണിക്കരും എന്നെ വിളിപ്പിച്ചു. കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനു പത്മകുമാറുമായി ധാരണ ഉണ്ടാക്കാനുള്ള കൂടിക്കാഴ്‍ച എന്നാണ് പറഞ്ഞതെങ്കിലും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ പ്രതിനിധിക്ക്, ഞാൻ എല്ലാത്തിനും വഴങ്ങാമെന്ന് ഉറപ്പ് കൊടുപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. ഞാൻ ഒരുതരത്തിലും ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നിര്‍മ്മാതാവ് പറയുന്നത് എല്ലാം അനുസരിച്ച് നില്‍ക്കണം എന്നും അല്ലായെങ്കില്‍ ഫെഫ്‍ക തന്നെ എന്നെ ഈ പ്രൊജക്റ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കും എന്നുമായിരുന്നു അവരുടെ നിലപാട്. ടെക്നിഷ്യൻസിനെയും അഭിനേതാക്കളെയും മാറ്റുന്നതും പുതിയവരെ കൊണ്ടുവരുന്നതും ഒന്നുംതന്നെ അറിയിക്കുന്നതുപോലും ഉണ്ടായിരുന്നില്ല. ലൊക്കേഷനൊക്കെ അവര്‍ തന്നെ ഉറപ്പിച്ചു. തിരക്കഥ അവരുടെ ഇഷ്‍ടത്തിന് അഴിച്ചുപണിതതായി ഞാൻ അറിഞ്ഞു. എനിക്ക് വായിക്കാൻ പോലും കിട്ടിയില്ല.

ഫെഫ്കയുടേതാണ് എല്ലാ സാങ്കേതിക പ്രവര്‍ത്തകരും. ഒരാളും ഞാനുമായി ഒന്ന് സംസാരിച്ചിട്ടുപോലുമില്ല. കഥയും തിരക്കഥയും അറിയാതെ ലൊക്കേഷനും അഭിനേതാക്കളെയും അറിയാതെ സാങ്കേതിക വിദഗ്ദരെ ഒരിക്കല്‍ പോലും കണ്ടു സംസാരിക്കുക പോലും ചെയ്യാതെ ഒരു സംവിധായകൻ എങ്ങനെയാണ് സംവിധാനസ്ഥാനത്തെന്ന് ഫെഫ്‍ക പറയുന്നത്?

ഞാൻ പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണെന്നും ചതിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞ സമയത്താണ്, നിയമപരമായി വീണ്ടും കുടുക്കിലായെന്ന് എനിക്ക് മനസ്സിലായത്. അതില്‍ നിന്ന് എന്റെ നിയമപരമായ പരിരക്ഷ എങ്കിലും ഉറപ്പിക്കാനായാണ്, നിര്‍മ്മാതാവ് നേരത്തെ അയച്ച വക്കീല്‍ നോട്ടീസിന് പുതിയ സാഹചര്യത്തില്‍ മറുപടി നല്‍കിയത്. അല്ലാതെ നിയമപരമായ ഒരു നടപടിക്കും മുതിര്‍ന്നിട്ടില്ല. മാത്രവുമല്ല, അതിനകം നിര്‍മ്മാതാവ് എന്നെ നേരത്തെ പുറത്താക്കിയതാണെന്നും ഇനി ഒരു തരം ആശയവിനിമയവും നടത്തരുതെന്നും എന്നെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഞാനുമായി സംസാരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാതെ മുന്നോട്ടുപോകരുതെന്ന് ഞാൻ ഡയറക്ടേഴ്സ് യൂണിയനോട് പറഞ്ഞു. അത് ചെവിക്കൊള്ളാതെ നിങ്ങള്‍ ലൊക്കേഷനിലേക്ക് പോയ്‍ക്കോളൂ എന്നാണ് അവര്‍ പറഞ്ഞത്.

 

Follow Us:
Download App:
  • android
  • ios