'ലൈംഗികാരോപണം: ആ നടി പറയുന്നത് പച്ചക്കള്ളം'
ടോളീവുഡില്‍ സിനിമയേക്കാള്‍ ചൂടുപിടിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കാസ്റ്റിങ് കൗച്ച് വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണവിടെ. അടുത്തിടെ ലൈംഗീക മായി കീഴ്പ്പെട്ടാല്‍ ഒരു വേഷം തരാമെന്ന് സംവിധായകന്‍മാര്‍ പറഞ്ഞതായി നടി ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ ആരോപിച്ചതോടെയാണ് പുതിയ വിവാദത്തിന്‍റെ തുടക്കം.
പേര് വെളിപ്പെടുത്താതെയായിരുന്നു ശ്രീയുടെ ആദ്യത്തെ ആരോപണം. എന്നാല്‍ സംവിധായകനെ കുറിച്ചുള്ള വ്യക്തമായ സൂചനയുള്ള അടുത്ത പോസ്റ്റ് ടോളിവുഡിനെ ഇളക്കി മറിക്കുകയാണ്. ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ശേഖര്‍ കമ്മൂല കൂടി രംഗത്ത് വന്നതോടെ രംഗം സീരിയസായി.
സംവിധായകന്‍ ചില വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ വഴങ്ങാന്‍ തയ്യാറായില്ലെന്നുമായിരുന്നു ശ്രീയുടെ ആരോപണം. ആ നടി പച്ചക്കള്ളം പറയുകയാണെന്നും തന്നെ എന്‍റെ സനിമകളില്‍ ജോലി ചെയ്തവര്‍ക്കറിയാമെന്നുമാണ് ശേഖര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യം വച്ചാണെന്നും ശേഖര്‍ പറയുന്നു.
തന്‍റെ അഭിമാനം കാക്കാന്‍ മരിക്കാന്‍ പോലും തയ്യാറാണ്, കള്ളങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ വേദനിക്കുന്നത് എന്‍റെ കുടുംബമാണ്. ആരോപണങ്ങള്‍ പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ശേഖര്‍ വ്യക്തമാക്കി.
