കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ന്യായീകരിച്ച് സംവിധായകന്‍ വൈശാഖ്. എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാന്‍ കഴിയില്ല. സ്വന്തം മകളെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹത്തിന്റെ മനസിലെ പിടച്ചിലും കരുതലും ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വൈശാഖിന്റെ പ്രതികരണം.

അവള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ദിലീപേട്ടന്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം. ഭൂമി പിളര്‍ന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സില്‍. കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ. മരണം നടന്ന വീട് പോലെ മനസ്സ് ദുര്‍ബലമായി, ക്ഷീണിതമായി.

സഹോദരിയെയും, അമ്മയെയും അദ്ദേഹം എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് എനിക്കറിയാവുന്നതാണ്. എന്റെ മകളുടെ ശിരസ്സില്‍ കൈ വച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം ഒട്ടും കളവായിരുന്നില്ല. എല്ലാത്തിലുമുപരി ദിലീപേട്ടന്‍ ഒരു കലാകാരനാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍ ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ലെന്നും വൈശാഖ് പറയുന്നു.

സത്യം പുറത്തു വരണം. നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നല്‍കണം. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. അന്തിമ വിധി വരുന്നത് വരെ, ഇപ്പോള്‍ കാണിക്കുന്ന ഈ ആക്രമണകളില്‍ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ എന്നും വൈശാഖ് ചോദിക്കുന്നു.

മനസ്സില്‍ തൊട്ടു പറയുന്നു. ഞാന്‍ ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ പക്ഷത്തു തന്നെയാണ്. നീതി അത് അവളുടെ അവകാശമാണ്.
തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപേട്ടനും ശിക്ഷക്ക് അര്‍ഹനാണ്. 

ദാരുണമായ ആ സംഭവത്തിന് ശേഷം വിദേശത്തു ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തു വച്ച് ഞാനവളെ വീണ്ടും കണ്ടു. ഏറെനേരം ഞങ്ങള്‍ സംസാരിച്ചു. എന്റെ തണുത്ത കൈ പിടിച്ചു അവള്‍ ചിരിച്ചപ്പോള്‍ അവളുടെ കണ്ണില്‍ ഒളിപ്പിച്ചു വച്ച വേദന എനിക്ക് കാണാമായിരുന്നു . അവള്‍ക്കു നീതി കിട്ടും. കിട്ടണം, അത് എന്റെ പ്രാര്‍ത്ഥനയായിരുന്നു.