നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് ബോളിവുഡ്. ശ്രീദേവിയുടെ മരണം ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ സാധിക്കുന്നില്ലെന്നാണ് പ്രമുഖ താരങ്ങളെല്ലാം വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നടി ശ്രീദേവി യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ വച്ചു മരണപ്പെടുന്നത്. 

അതേസമയം ശ്രീദേവിയുടെ മരണത്തിന് തൊട്ടുപിന്നാലെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ട്വിറ്ററിലിട്ട ഒരു ചെറുകുറിപ്പ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണിപ്പോള്‍. നാ ജാനേ ക്യോം, ഏക് അജീബ് സീ ഖബരാഹട് ഹോ രഹീ ഹേ...(''എന്താണെന്നറിയില്ല, വല്ലാത്ത ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു....) എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ ഇട്ട ഈ ട്വീറ്റ് ബച്ചന്‍ ശ്രീദേവിയുടെ മരണം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന തരത്തിലാണ് പലരും വ്യാഖ്യാനിക്കുന്നത്. 

ശ്രീദേവിയുടെ മരണത്തില്‍ രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം പ്രതികരിച്ചെങ്കിലും ട്വിറ്ററില്‍ വളരെ സജീവമായി ബിഗ് ബിയില്‍ നിന്നും ഈ ട്വീറ്റല്ലാതെ മറ്റു പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. ശനിയാഴ്ച്ച രാത്രിയോടെ ശ്രീദേവി മരണപ്പെട്ടെങ്കിലും അത് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്.ക്രിക്കറ്റ് താരം രവീന്ദ്രജഡേജയടക്കമുള്ളവര്‍ ട്വീറ്റില്‍ അത്ഭുതം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…