ദില്ലി: "സഞ്ജയ് ലീലാ ബന്‍സാലിയക്ക് മറ്റ് മതങ്ങളെ കുറിച്ച് സിനിമ ചെയ്യാനോ അവയെ കുറിച്ച് അഭിപ്രായം പറയാനോ ധൈര്യമുണ്ടോ. ഇനി ഞങ്ങളിത് സഹിക്കില്ല", ഇന്ത്യയിലെ സിനിമാ സംവിധായകര്‍ക്ക് ഹിന്ദു മതം വിട്ട് മറ്റ് മതത്തില്‍ ചിത്രമെടുക്കാന്‍ ധൈര്യമില്ലെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ഹിന്ദു ഗുരുക്കന്മാര്‍, ദൈവങ്ങള്‍, പോരാളികള്‍ തുടങ്ങിയവരെ കുറിച്ച് മാത്രമാണ് അവര്‍ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയ്‌ക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തെ ഉന്നം വെച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന. എ.എന്‍.ഐയാണ് പ്രസ്താവന റിപ്പോര്‍ട്ട് ചെയ്യുന്നത്. റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍ തുടര്‍ച്ചയായി പത്മാവതിയുടെ ചിത്രീകരണം മുടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പദ്മാവതിയുടെ റിലീസ് തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും അനുമതി നല്‍കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്‍റ് ഐ.കെ ജഡേജ പറഞ്ഞു.
രജപുത്ര സംസ്‌ക്കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.

കൂടാതെ ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമിസംഘമാണ് രംഗോലി നശിപ്പിച്ചത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു.

