മുംബൈ: കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ട്വീറ്റ് ചെയ്ത് നടൻ അഭിഷേക് ബച്ചൻ. ഇന്നലെയാണ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലാണ് തനിക്കും പിതാവിനും കൊവിഡ് പോസിറ്റീവ് ആണെന്നും നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും വാർത്ത പുറത്തു വന്നത്. രോ​ഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നുള്ളൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ആരാധകർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ശാന്തരായിരിക്കാനും പറഞ്ഞു.

'ഇന്നലെയാണ് എനിക്കും പിതാവിനും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഞങ്ങൾക്ക് രണ്ടുപേർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബാം​ഗങ്ങളോടും ബന്ധുക്കളോടും ജീവനക്കാരോടും പരിശോധന നടത്താൻ‌ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും ശാന്തരായിരിക്കുക. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.' അഭിഷേക് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് അമിതാഭ് ബച്ചൻ തനിക്ക് കൊവിഡ് ബാധയുണ്ടെന്ന വിവരം ട്വീറ്റിലൂടെ പങ്കുവച്ചത്. അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.