ചെന്നൈ: ഏറെ നാള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് അഞ്ജലിയും ജെയ്‌യും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നുമെന്നുള്ള വാര്‍ത്തകളോട് ആദ്യം നിശബ്ദരായെങ്കിലും പിന്നീട് ഇവയെല്ലാം തള്ളി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇടക്കാലത്തിന് ശേഷം വീണ്ടും പ്രണയത്തിലായെന്നും ഒരുമിച്ചാണ് താമസമെന്നും വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ വാര്‍ത്ത സ്ഥിതീകരിച്ച് ഇരുവരും ഒന്നിച്ചെത്തി.
ജ്യോതിക നായികയായി എത്തുന്ന മഗിളര്‍ മട്ടും എന്ന ചിത്രത്തിന്റെ ഭാഗമായി, ജോയ്ക്ക് ദോശ ഉണ്ടാക്കി നല്‍കി സൂര്യ ദോശ ചലഞ്ച് തുടങ്ങിയിരുന്നു. അതിനു ശേഷം നടന്‍ മാധവനേയും സംവിധായകന്‍ വെങ്കിട് പ്രഭുവിനേയും സൂര്യ ചലഞ്ച് ചെയ്തു. വെങ്കട് പ്രഭു ഭാര്യയ്ക്ക് ദോശ ഉണ്ടാക്കി നല്‍കി ചലഞ്ച് ഏറ്റെടുത്തു. പിന്നാലെ ജെയ്‌യെ ചലഞ്ച് ചെയ്യുകയും ചെയ്തു.
ധൈര്യമുണ്ടെങ്കില്‍ കാമുകിക്കു വേണ്ടി ദോശ ചലഞ്ച് ചെയ്യു എന്നായിരുന്നു ട്വീറ്റ്. വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല അഞ്ജലിക്കൊപ്പമുള്ള ചിത്രവും ട്വീറ്റ് ചെയ്തു. അതോടെ ഇരുവരുടെയും ദീര്‍ഘനാളായുള്ള പ്രണയത്തിന് സ്ഥിതീകരണമായി. സൂപ്പര്‍ കപ്പിളിന് ആശംസകളുമായി സിനിമ ലോകവും ആരാധകരുമെത്തിയതോടെ സംഭവം സിനിമ പോലെ സുന്ദരം.
