അവാര്‍ഡ് കിട്ടാത്തത്തിന് തെറിവിളിച്ചു ജാതീയ അധിക്ഷേപം നടത്തിയെന്നും ഡോ. ബിജു

തിരുവനന്തപുരം: ദേശീയ അവാർഡ് പുരസ്കാര സമർപ്പണ ചടങ്ങ് ബഹിഷ്കരിച്ച ചലച്ചിത്രപ്രവര്‍ത്തകരെ പരിഹസിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിന് ചുട്ട മറുപടിയുമായി സംവിധായകന് ഡോ. ബിജു. അവാര്‍ഡിന് വേണ്ടിയല്ല സിനിമ എടുക്കുന്നതെന്ന് പറയുന്ന സംവിധായക നടന്‍ അന്ന് തന്റെ സിനിമയക്ക് പുരസ്കാരം കിട്ടിയില്ലെന്ന് പറഞ്ഞ് ജൂറിയംഗമായ തന്നെ ഫോണിൽ വിളിച്ച് തെറി വിളിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത ആളാണെന്ന് ഡോ. ബിജു തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയാണ് ഡോ. ബിജു ജോയ്മാത്യുവിന് മറുപടി കൊടുത്തത്.

2012 ൽ ദേശീയ പുരസ്‌കാര ജൂറിയിൽ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിൽ ഇതേ ദേഹം എന്നെ ഫോണിൽ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വർഷം അവാർഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീർത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്...അല്ല ഞാൻ ഫോണ് കട്ട് ചെയ്യുകയായിരുന്നു...എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ കൊടുത്ത കേസിൽ ജാമ്യം എടുത്ത് നടക്കുന്ന ആളാണ് അദ്ദേഹമെന്നും ഡോ. ബിജു പരിസഹിച്ചു.

ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

അവാർഡിന് വേണ്ടിയല്ല ജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രമാണ് ഞാൻ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടൻ. ഇന്നലെ അവാർഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവർത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം....സത്യത്തിൽ ഇത് വായിച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയം... കാര്യം മറ്റൊന്നുമല്ല. 2012 ൽ ദേശീയ പുരസ്‌കാര ജൂറിയിൽ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിൽ ഇതേ ദേഹം എന്നെ ഫോണിൽ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വർഷം അവാർഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീർത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്...അല്ല ഞാൻ ഫോണ് കട്ട് ചെയ്യുകയായിരുന്നു...

എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ ഞാൻ കൊടുത്ത കേസിൽ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു...തന്റെ സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല എന്നതിന്റെ പേരിൽ ജൂറി മെമ്പറെ ഫോണിൽ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോൾ പറയുന്നു. ഞാൻ അവാര്ഡുകൾക്ക് വേണ്ടിയല്ല ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും... ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയിൽ കേസിന്റെ അടുത്ത അവധിക്ക് കാണാം.