ദുബായ്: ദുബായ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ആരംഭിച്ചു. മദീനത്ത് ജുമേറയിലെ അറീനയിലായിരുന്നു ഉദ്ഘാടന പരിപാടികള്‍. പതിമൂന്നാമത് ദുബായ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനാണ് ദുബായില്‍ തിരശീല ഉയര്‍ന്നിരിക്കുന്നത്. 55 രാജ്യങ്ങളില്‍ നിന്നായി 156 സിനിമകള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കും. 44 ഭാഷകളിലുള്ള സിനിമകള്‍ മേളയുടെ ഭാഗമാകും. എന്നാല്‍ മലയാളത്തില്‍ നിന്ന് ഈ വര്‍ഷം ഒരു സിനിമ പോലുമില്ല.

മേള നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് ഈ വര്‍ഷം മലയാള സിനിമകളൊന്നും പട്ടികയില്‍ ഇടം പിടിക്കാതെ പോയത്. ജോണ്‍ മാഡെന്റെ മിസ് സ്ലോയെന്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. 57 സിനിമകളുടെ ലോക പ്രീമിയര്‍ ദുബായ് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും. ഹിന്ദി നടി രേഖയ്‌ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം സമ്മാനിച്ചു.

സാമുവല്‍ എല്‍. ജാക്‌സണ്‍, ഗബ്രിയേല്യാറദ് എന്നിവര്‍ക്കും പുരസ്ക്കാരമുണ്ട്. മദീനത്ത് ജുമേറ അരീനയിലെ മദീനത്ത് തീയറ്റര്‍, എമിറേറ്റ്സ് മാളിലെ വോക്‌സ് സിനിമ, സൂഖ് മദീനത്ത് ജുമേറ എന്നിവിടങ്ങളിലാണ് സിനിമകളുടെ പ്രദര്‍ശനം ഉണ്ടാവുക. പൊതുജനങ്ങള്‍ക്കായി ജെ.ബി.ആറിലെ ദ ബീച്ചില്‍ വലിയ സ്ക്രീനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 14 വരെയാണ് ദുബായ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം.