കഴിഞ്ഞ സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്ത ചിത്രം സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാന സംരംഭം

സിനിമകള്‍ തീയേറ്ററുകളിലെത്തി ഏറെ വൈകാതെ ഡിവിഡി പുറത്തിറക്കുന്ന പുതിയ ട്രെന്‍റില്‍നിന്ന് വ്യത്യസ്തമായിരുന്നു സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാനസംരംഭമായ പറവ. ഒറിജിനല്‍ ഡിവിഡികള്‍ക്ക് വില്‍പന ഉയര്‍ന്ന കാലമാണിത്. പല സിനിമകളും തീയേറ്ററിലെത്തി കാണാത്ത ഒരു പ്രേക്ഷകസമൂഹം ഡിവിഡികള്‍ക്കുണ്ട്. പറവയുടെ ഡിവിഡിയ്ക്കും അത്തരത്തില്‍ ഒരു കാത്തിരിപ്പുണ്ടായിരുന്നു. അവസാനം ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി മാറിയപ്പോഴാണ് ചിത്രത്തിന്‍റെ ഡിവിഡിയും ബ്ലൂറേയും പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21നായിരുന്നു ചിത്രം പുറത്തെത്തിയത്.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഡിവിഡി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ടും ഓണ്‍ലൈനിലുമൊക്കെ മികച്ച വില്‍പ്പന നടക്കുന്നുണ്ട്. ആമസോണിലും ഫ്ലിപ്കാര്‍ട്ടിലുമൊക്കെ അതിന്‍റെ പ്രതിഫലനമുണ്ട്. ഡിവിഡി ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ ഇമ്രാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ഖര്‍ നന്ദി പറഞ്ഞു.

"പറവയ്ക്കും ഇമ്രാനും വീണ്ടും സ്നേഹം പകര്‍ന്ന എല്ലാവര്‍ക്കും നന്ദി. അതിന്‍റെ എല്ലാ ക്രെഡിറ്റും സൗബിനാണ്. ചിത്രത്തിന്‍റെ ഡിവിഡി, ബ്ലൂറേ എന്നിവയ്ക്ക് ലഭിക്കുന്ന മികച്ച വില്‍പനയില്‍ വലിയ സന്തോഷം. ഒറിജിനല്‍ മാത്രം വാങ്ങുക", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.