ഈ വര്‍ഷം ചിത്രീകരണം

മലയാളത്തില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാ മേഖലയിലേക്കുള്ള വളര്‍ച്ചയിലാണ് ദുല്‍ഖര്‍ എന്ന് തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ കരിയറിലെ ഈ ഘട്ടം. മണി രത്നത്തിന്‍റേതുള്‍പ്പെടെ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക് ചിത്രവും വന്‍ വിജയമായി. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി. ഇതിനൊക്കെ പുറമെ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കര്‍വാന്‍ റിലീസ് ചെയ്യാനിരിക്കുന്നു. രാ.കാര്‍ത്തികിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഒരു പുതിയ തമിഴ് ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കുള്ള ഈദ് സര്‍പ്രൈസായി ചിത്രത്തിന്‍റെ പേരടക്കമുള്ള ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍.

കെനന്യ ഫിലിംസിന്‍റെ ബാനറില്‍ ജെ.ശെല്‍വകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര് വാന്‍ എന്നാണ്. കത്തിയും തെരിയും ഇരുമ്പ് തിരൈയുമൊക്കെ ഷൂട്ട് ചെയ്ത ജോര്‍ജ്ജ് സി.വില്യംസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രോജക്ട് ആണിതെന്നും ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ട്രാവല്‍ മൂവി ഗണത്തില്‍ പെടുന്ന ചിത്രമാണ് വാന്‍ എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തില്‍ നിവേദ പെതുരാജ് അഭിനയിക്കുന്നുണ്ട്. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. ദുല്‍ഖര്‍ ഒന്നിലധികം വേഷങ്ങളില്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ദീന ദയാലനാണ് സംഗീതം. ദേസിംഗ് പെരിയസാമിയുടെ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രവും തമിഴില്‍ ദുല്‍ഖറിന്‍റേതായി പുറത്തുവരാനുണ്ട്.