കോളിവുഡിലേക്ക് പതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവ്
സാധാരണ രജനീകാന്ത് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു പാ.രഞ്ജിത്ത് അദ്ദേഹത്തെ നായകനാക്കി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും. 2016ലെത്തിയ കബാലിയും ഇപ്പോള്‍ തീയേറ്ററുകളിലുള്ള കാലയും. സാധാരണ രജനീകാന്ത് ചിത്രങ്ങളില്‍ ഉണ്ടാവാറുള്ള ക്ലീഷെകളെ ഒട്ടൊക്കെ ഒഴിവാക്കി നിര്‍ത്തിയ ഈ രണ്ട് ചിത്രങ്ങളിലും രജനിയിലെ നടനെയും സംവിധായകന്‍ പരിഗണിച്ചു. കബാലിയില്‍ രാധിക ആപ്തെ ആയിരുന്നു നായികയെങ്കില്‍ കാലയില്‍ അത് ഈശ്വരി റാവുവാണ്. കോളിവുഡിലേക്ക് ഒരു പതിറ്റാണ്ടിന് ശേഷമുള്ള തന്‍റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ഈശ്വരി റാവു. എന്നാല്‍ കാലയുടെ അണിയറക്കാര്‍ ആദ്യം തന്നെ സമീപിച്ചപ്പോള്‍ അത് രജനിയുടെ നായികാവേഷത്തിലേക്കാണെന്ന് കരുതിയേ ഇല്ലെന്ന് പറയുന്നു അവര്‍.
"രജനീകാന്തിനൊപ്പം ഒരു വേഷം ചെയ്യാനാവുമെന്നേ പ്രതീക്ഷിച്ചിരുന്നതല്ല. അണിയറക്കാര്‍ ആദ്യം സമീപിച്ചപ്പോള്‍ ഞാന്‍ കരുതിയത് രജനിയുടെ അമ്മവേഷത്തിലേക്കാണെന്നാണ്. ഈ പ്രായത്തില്‍ രജനിയ്ക്കൊപ്പം ഡ്യുവറ്റ് പാടുന്ന ഒരു ചിത്രമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല." എന്നാല്‍ രജനിയുടെ അമ്മവേഷമായിരുന്നെങ്കിലും തനിക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു ഈശ്വരി റാവു.
അക്കാര്യം ഞാന്‍ രഞ്ജിത്തിനോട് പറയുകയും ചെയ്തിരുന്നു. "എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ അക്കാര്യം വെളിപ്പെടുത്തി. രജനിയുടെ നായികാവേഷമാണ് കരുതി വച്ചിരിക്കുന്നതെന്ന്. തന്‍റെ കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തതയുള്ള സംവിധായകനാണ് അദ്ദേഹം. കാല ഒരു അധോലോക നായകനൊക്കെ ആയിരിക്കും. പക്ഷേ ഭാര്യയുടെ മുന്നില്‍ അദ്ദേഹം താണുകൊടുക്കും", ഈശ്വരി റാവു പറഞ്ഞവസാനിപ്പിക്കുന്നു. കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടിയും നിറം കുറച്ചുമാണ് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.
