കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദീപിക പദുകോണിനെ 'കൽക്കി' സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നും പുറത്താക്കിയത്. കിംഗ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ദീപിക കൽക്കി ഒഴിവാക്കിയത് എന്നും ഇപ്പോൾ ചർച്ചകൾ രൂപപ്പെടുന്നുണ്ട്.
'കൽക്കി'യിൽ നിന്നും പുറത്താക്കിയ വിവാദം കെട്ടടങ്ങും മുൻപ് പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ദീപിക പദുകോൺ. ഷാരുഖ് ഖാൻ നായകനായെത്തുന്ന 'കിംഗ്' ആണ് താരത്തിന്റെ പുതിയ ചിത്രം. ഷാരൂഖിന്റെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിന് വൈകാരികമായ കുറിപ്പാണ് ദീപിക പങ്കുവെച്ചിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഒരുമിച്ച ചിത്രത്തിന്റെ സമയത്ത് ഷാരുഖ് പഠിപ്പിച്ച ആദ്യ പാഠം താൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ഉണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ദീപിക പങ്കുവെച്ചത്. നിരവധി പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തുന്നത്.
"പതിനെട്ട് വർഷങ്ങൾക്ക് മുൻപ് 'ഓം ശാന്തി ഓം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, 'ഒരു സിനിമ ചെയ്യുന്നതിൽ മാത്രമല്ല അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ്' എന്നതായിരുന്നു. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠമുണ്ട്, അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?" ദീപിക കുറിച്ചു. അതേസമയം സിനിമാലോകത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദീപിക പദുകോണിനെ 'കൽക്കി' സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നും പുറത്താക്കിയത്. കിംഗ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ദീപിക കൽക്കി ഒഴിവാക്കിയത് എന്നും ഇപ്പോൾ ചർച്ചകൾ രൂപപ്പെടുന്നുണ്ട്.
പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. പഠാന്‍ പോലെതന്നെ ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായ തരത്തിലും പ്രത്യേകതയുള്ളതാണ്. മകള്‍ സുഹാന ഖാന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പി കൂടിയാണ്. 2026 ഒക്ടോബറിലോ ഡിസംബറിലോ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വന്‍ താരനിരയും ചിത്രത്തില്‍ ഉണ്ടാവും. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങിയവരുടെയൊക്കെ പേരുകള്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്.
ഏഴ് മണിക്കൂർ മാത്രം ജോലി, പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ്
കഴിഞ്ഞ വർഷം 600 കോടി മുതൽ മുടക്കിലെത്തി 1200 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി. പ്രഭാസായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ വാർത്തയായിരുന്നു ദീപികയുടെ പുറത്തുപോവൽ. ഏഴ് മണിക്കൂറായി ജോലി സമയം കുറയ്‌ക്കണമെന്നും, പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ് വേണമെന്നും, പേഴ്‌സണൽ സ്റ്റാഫിന് ആഡംബര സൗകര്യങ്ങളോട് കൂടിയ താമസം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരത്തിനെ പുറത്താക്കിയതെന്നാണ് ബോളിവുഡ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തത്.
വളരെ സങ്കീർണമായ വിഎഫ്എക്സ് വർക്കുകൾ ചിത്രത്തിലുള്ളത് കൊണ്ട് തന്നെ ജോലി സമയം കുറയ്ക്കുന്നതിന് പകരം, ലക്ഷ്വറി കാരാവാൻ നൽകാമെന്ന് ദീപികയോട് നിർമ്മാതാക്കൾ പറഞ്ഞിരുന്നതായും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദീപികയുടെ സഹായികളായി ഇരുപത്തിയഞ്ചോളം പേർ സെറ്റിലെത്തുമെന്നും ഇവർക്കെല്ലാം ആഡംബരമായ ഭക്ഷണവും താമസവും ആവശ്യപ്പെട്ടുവെന്നും, ആളുകളുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞിട്ട് പോലും താരം അതിന് തയ്യാറായില്ലെന്നും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ കാമിയോ റോളിൽ മാത്രം ഒതുക്കിയത് കൊണ്ടാണ് ദീപിക ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും റിപ്പോർട്ടുകളുണ്ട്.
‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം വഴിപിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ പിന്നീട് തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ’’ വൈജയന്തി മൂവിസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ഇങ്ങനെയാണ്.



