ആദ്യകാലങ്ങളിൽ ഇത്തരം ബോഡി ഷെയ്മിങ്ങ് കമന്റുകൾ മാനസികമായി ബാധിച്ചിരുന്നു.
കളിയൂഞ്ഞാൽ, സാഫല്യം, പ്രിയം, മധുരനൊമ്പരക്കാറ്റ്, തെങ്കാശിപ്പട്ടണം, കാബൂളിവാല തുടങ്ങീ നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷം 2015 -ൽ വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി, ജി പ്രജിത്ത് സംവിധാനം ചെയ്ത 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചുവരവ് നടത്താനും മഞ്ജിമയ്ക്കായി. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണെങ്കിലും തടിയുള്ളതിന്റെ പേരിൽ പലപ്പോഴും ബോഡി ഷെയ്‌മിങ്ങിന് ഇരയാവുന്ന വ്യക്തികൂടിയാണ് മഞ്ജിമ. സമൂഹമാധ്യമങ്ങളിലടക്കം മഞ്ജിമയ്ക്കെതിരെ പലപ്പോഴായി നെഗറ്റിവ് കമന്റുകൾ പലരും ഇടാറുണ്ട്.
ആദ്യകാലങ്ങളിൽ ഇത്തരം ബോഡി ഷെയ്മിങ്ങ് കമന്റുകൾ തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഓക്കെ ആണെന്നുമാണ് മഞ്ജിമ പറയുന്നത്. മുൻപ് ജീവിതത്തിൽ ഒരു സ്ട്രഗിൾ പോയന്റ് ഉണ്ടായിരുന്നുവെന്നും, ചില സ്റ്റൈലിസ്റ്റുകളുടെ വാക്കുകൾ കാരണമാണ് തനിക്ക് ഇൻസെക്യൂരിറ്റികൾ ഉണ്ടായതെന്നും സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജിമ പറയുന്നു.
"എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. കുറച്ച് വണ്ണം വെച്ചപ്പോൾ ഞാൻ ഹെൽത്തി ആണെന്നാണ് കരുതിയത്. പിസിഒഡി കുറക്കേണ്ടതുണ്ടായിരുന്നു. എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണം എന്നായിരുന്നു, സർജിക്കലി വണ്ണം കുറയ്ക്കാൻ വേണ്ടി ഡോക്ടർമാരെ കണ്ടിട്ടുണ്ട്. വണ്ണമാണ് ഏറ്റവും വലിയ പ്രശ്നം എന്ന തരത്തിലാണ് എല്ലാവരും സംസാരിക്കുന്നത്. ടോക്സിക് ആയ ബോഡി പോസിറ്റിവിറ്റി ശരിയല്ല. നമ്മൾ ആരോഗ്യവതിയായിരിക്കണം. സിനിമ എന്റെ ജോലി മാത്രമാണ്. തടി കുറച്ച് മറ്റൊരു ലുക്കിലേക്ക് എത്തിയാൽ ചിലപ്പോൾ കുറച്ച് സിനിമകൾ ലഭിക്കും. അതിന് ശേഷം ആരും നമ്മൾ എങ്ങനെയുണ്ടെന്ന് അന്വേഷിച്ചെന്ന് വരില്ല. ജോലി സംബന്ധമല്ലാത്ത മറ്റു ലക്ഷ്യങ്ങൾ എനിക്കുണ്ട്." മഞ്ജിമ മോഹൻ പറഞ്ഞു.
അതേസമയം 2023 -ൽ എ.ൽ വിജയ് സംവിധാനം ചെയ്ത ബൂ എന്ന ചിത്രമാണ് മഞ്ജിമയുടേതായി അവസാനം പുറത്തിറങ്ങിയത്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ചിത്രം ഹൊറർ ത്രില്ലർ ഴോൺറെയിലാണ് നിർമ്മിച്ചിരിക്കുന്നത്.


