മുംബൈ: നടിയാവാന്‍ മുംബൈയിലെത്തിയ യുവതി തെരുവില്‍ മോഷണം നടന്നതിനിടെ പിടിയില്‍. ദില്ലി സ്വദേശിയായ മിത്താലി ശര്‍മ്മ എന്ന 25കാരിയാണ് അറസ്റ്റിലായത്. തെരുവില്‍ ഭിക്ഷാടനം നടത്തുന്ന ഇവര്‍ ഒരു കാറിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് ഇവര്‍ സിനിമാ ബന്ധം അറിയിച്ചതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
താന്‍ ഒരു ഭോജ്പൂരി സിനിമയില്‍ അഭിനയിച്ചതായി യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു ശേഷം മോഡലിംഗ് നടത്തി വരികയായിരുന്നു. പിന്നീട് അവസരങ്ങള്‍ ഇല്ലാതായി. സിനിമയില്‍നിന്ന് ഔട്ടായതോടെ കടുത്ത വിഷാദ രോഗത്തിന് അടിമയായി. സിനിമാ മോഹം കാരണം വീടു വിട്ടിറങ്ങിയതിനാല്‍ മാതാപിതാക്കള്‍ കൈയൊഴിഞ്ഞതായും ഇവര്‍പറയുന്നു. എവിടെയും ഇടമില്ലാതായതോടെയാണ് ഭിക്ഷാടനത്തിലേക്ക തിരിഞ്ഞതും തെരുവില്‍ ജീവിതം തുടങ്ങിയതും.
ലോഖന്ദ് വാലയിലെ തെരുവില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. താന്‍ ദില്ലി സ്വദേശിയാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാല്‍ അവശയായിരുന്നു ഇവര്‍. ചോദ്യം ചെയ്യലില്‍ ഇവരുടെ മാനസികാരോഗ്യം നഷ്ടപ്പെട്ടതായി തോന്നിയതിനെ തുടര്‍ന്ന് മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
