കൊച്ചി: പൃഥ്വിരാജിന്‍റെ സിനിമ കരിയറിലെ ഏറ്റവും മികച്ച തുടക്കമായിരിക്കുകയാണ് എസ്ര. 125 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത എസ്ര ആദ്യ ദിവസം കൊണ്ട് കളക്ഷനായി 2 കോടി 65 ലക്ഷം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയവും എന്ന് നിന്‍റെ മൊയ്തീനിലൂടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. നിലവില്‍ പുലിമുരുകന്‍ ആണ് മലയാളത്തിലെ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയ സിനിമ. 4 കോടി ആറ്ലക്ഷത്തിനടുത്താണ് പുലിമുരുകന്‍ (4,05,87,933)റിലീസ് ദിവസം നേടിയത്.
കേരളത്തിനകത്തും പുറത്തുമായി പുലിമുരുകന്‍ 330 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മലയാളത്തിലെ മികച്ച ബോക്‌സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ആദ്യ നാലില്‍ എസ്ര ഇടംപിടിക്കും. ജോമോന്റെ സുവിശേഷങ്ങള്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2 കോടി 71 ലക്ഷവും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 2 കോടി 62 ലക്ഷവുമാണ് നേടിയത്.
337 തിയറ്ററുകളിലാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തത്. ഹൊറര്‍ ത്രില്ലര്‍ എന്ന നിലയില്‍ ലഭിച്ച പ്രചരണവും, മള്‍ട്ടിപ്‌ളെക്‌സുകളിലെ അധികപ്രദര്‍ശനവുമാണ് ഓപ്പണിംഗ് ഉയരാനുള്ള കാരണം. കൊച്ചിയിലെ അഞ്ച് മള്‍ട്ടിപ്‌ളെക്‌സുകളിലെ ആദ്യദിന കളക്ഷനില്‍ ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗും എസ്രയ്ക്കാണ്. 17 ലക്ഷത്തിന് മുകളിലാണ് മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് ചിത്രത്തിന് ഗ്രോസ് നേടിയെന്നാണ് അറിയുന്നത്.
