കൊച്ചി: സിനിമയില്‍ വഴിമാറി നടക്കാനാണ് താല്‍പ്പര്യമെന്ന് ടൊവിനോ തോമസ്. എല്ലാകാലത്തും ഒരേ സിനിമകള്‍ കൊടുത്തു കൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും. ആളുകള്‍ക്ക് ഫോര്‍മുല സിനിമകള്‍ മാത്രമല്ല ഇഷ്ടം അതിനുദാഹരണമാണ് തരംഗത്തിന്‍റെ വിജയമെന്നും ടൊവിനോ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്‍റെ ശരീരപ്രകൃതം വച്ച ഒറ്റയ്ക്ക് നൂറാളുകളെ അടിച്ച് ഇടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നാല്‍ ആളുകളെ തിയേറ്ററില്‍ കയറ്റുന്ന മാസ് ചിത്രങ്ങളെക്കാളും പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യം. തരംഗവും ഗപ്പിയും എല്ലാം അത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങളായിരുന്നു. പ്രേക്ഷകര്‍ തന്നെ ഇപ്പോഴും ഓര്‍ക്കുന്നത് ഗപ്പിയുടെ പേരിലാണെന്നും ടൊടവിനോ പറഞ്ഞു.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ മാത്രമല്ല ടൊവിനോയ്ക്ക് വ്യക്തമായ അഭിപ്രായമുള്ളത്. സമൂഹമാധ്യമങ്ങളിലുള്ള ഇടപെടല്‍ എങ്ങനെയായിരിക്കും എന്നും ടൊവിനോ വ്യക്തമാക്കുന്നുണ്ട്. സിനമകള്‍ പ്രൊമോട്ട് ചെയ്യാന്‍ മാത്രമായിരിക്കും ഫേസ്ബുക്ക് ഉപയോഗിക്കുകയെന്നും പ്രതികരിക്കാന്‍ ഉള്ള ഇടമായി ഇനി ഫേസ്ബുക്കിനെ കാണില്ലന്നുമാണ് ടൊവിനോ പറയുന്നത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചാലും ഫേസ്ബുക്കില്‍ കയറില്ല. നമ്മുടെ അഭിപ്രായങ്ങള്‍ കൊണ്ടൊന്നും ആരും മാറില്ല.