കൊച്ചി: ബ്ലെസ്സി ചിത്രം ആട് ജീവിതം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ്. ബെന്യാമിന്റെ ആട് ജീവിതമെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് വരുന്നെന്ന് അറിയില്ലെന്ന് പൃഥ്വി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ ചിത്രത്തിനായി ഡേറ്റ് നല്‍കിയതാണ്. ഒരാഴ്ച മുമ്പ് പോലും സംവിധായകനുമായി സംസാരിച്ചു. വെല്ലുവിളി നിറഞ്ഞ ആ വേഷത്തിനായി കാത്തിരിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.
എന്നാല്‍ താന്‍ പിന്മാറിയെന്ന വാര്‍ത്ത ചില ഓണ്‍ലൈനുകളിലൂടെയാണ് അറിയുന്നത്. ഇത്തരം വാര്‍ത്തകളുടെ സോഴ്‌സ് എവിടെ നിന്നാണെന്ന് അറിയില്ലെന്നും താരം പറയുന്നു. ആഡം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്‌കോട്‌ലന്റിലാണ് ഇപ്പോള്‍ പൃഥ്വിരാജ്.
