സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശനിലാണ് ഇപ്പോള്‍ ഫഹദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സിനിമ തനിക്ക് വീടുപോലെയാണെന്ന് ഫഹദ് പറയുന്നു. തനിക്ക് വേണ്ട നടനെ അദ്ദേഹം എടുക്കുകയാണ് ചെയ്യുന്നതെന്നും ഫഹദ് പറയുന്നു. മനോരമ ഓണ്‍‌ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.

ചില സിനിമകള്‍ നമ്മള്‍‌ ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റില്‍ പഠിക്കുന്നതുപോലെയാണ്. നേരത്തെ എല്ലാം ചിട്ടപ്പെടുത്തിയിരിക്കും. ചില സിനിമകള്‍ സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ്. സത്യൻ സാറിന്റെ സിനിമ എനിക്ക് വീടു പോലെയാണ്. അവിടെ ഒന്നിനും നിര്‍ബന്ധങ്ങളില്ല. ഞാനിവിടെ ഇവിടെ കംഫര്‍ട്ടബിളാണ്. എന്നില്‍ നിന്ന് സത്യൻ സാറിന് വേണ്ട നടനെ അദ്ദേഹം എടുക്കുന്നു. അതു ഞാൻ പോലും അറിയുന്നില്ല. ഞാൻ പ്രകാശൻ എന്ന സിനിമയിലെ കഥാപാത്രം എനിക്ക് പരിചയമുള്ള ഏതോ കഥാപാത്രമാണ്- ഫഹദ് പറയുന്നു.

അതേസമയം ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ച് സത്യൻ അന്തിക്കാട് രംഗത്ത് എത്തിയിരുന്നു അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്.  ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.
 
ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തി. ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഇരുവരും നേരത്തെ ഒന്നിച്ച ചിത്രം.