ഫാന്‍സ് അസോസിയേഷനുകളോടുള്ള അതൃപ്തി പരസ്യമായി തുറന്നുപറഞ്ഞ നടന്‍ മലയാളസിനിമയുടെ മാറുന്ന മുഖം ഫഹദിന്‍റെകൂടി സംഭാവന

'ഫഹദ് ഡല്‍ഹി വിട്ടു!'. വ്യാഴാഴ്ച വൈകുന്നേരം ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍, പതിവില്ലാത്തവിധം വിവാദങ്ങളാല്‍ മുഖരിതമായ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് പുരോഗമിക്കവെ ചാനലുകളില്‍ വന്ന ഈ ഫ്ലാഷിന് പോപ്പുലര്‍ സിനിമകളിലെ ഒരു പഞ്ച് ഡയലോഗിന്‍റെ ഇമ്പമുണ്ടായിരുന്നു. 11 ജേതാക്കള്‍ക്ക് മാത്രം പുരസ്കാരം നല്‍കി രാഷ്ട്രപതി അപ്പോള്‍ മടങ്ങിയിരുന്നു. തങ്ങളുടെ അന്തസ്സിന് വിലകല്‍പ്പിക്കാത്ത വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്, അവാര്‍ഡ്ദാന വേദിയ്ക്ക് മുന്നിലെ കസേരകള്‍ ഒഴിച്ചിട്ട, മലയാളികള്‍ ഉള്‍പ്പെടെയുള്ള 66 പേരോടും പൊതുസമൂഹത്തിലെ ഭൂരിഭാഗവും ഐക്യപ്പെട്ടു. ആ ഐക്യപ്പെടലിന്‍റെ പ്രതിരൂപമായി മലയാളികളെ സംബന്ധിച്ച് ഫഹദ് ഫാസില്‍ എന്ന നടന്‍‍. പ്രതിഷേധിച്ച മലയാളികളില്‍ പലരും അന്ന് വാര്‍ത്താവിതരണ മന്ത്രി ഒരുക്കിയ അത്താഴവിരുന്ന് ബഹിഷ്കരിച്ച് കേരള ഹൗസിലേക്ക് താമസം മാറ്റിയെങ്കില്‍ ഫഹദ് ഔദ്യോഗിക ചടങ്ങുകള്‍ അവസാനിക്കുംമുന്‍പുതന്നെ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് പിടിച്ചു. സ്വന്തം കരിയറിനെക്കുറിച്ച്, ഏതുതരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച്, ആരാധകരുടെ ആവേശക്കൂട്ടങ്ങളെ ഒപ്പം കൂട്ടണോ എന്നതിനെക്കുറിച്ചൊക്കെ അയാള്‍ക്കുള്ള വ്യക്തത അവാര്‍ഡ് വിവാദത്തിലെ നിലപാടിലും പ്രതിഫലിച്ചു.

മൂന്നരപതിറ്റാണ്ടായി മലയാളസിനിമയുടെ താരസിംഹാസനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നവരുടെ തലമുറയില്‍നിന്ന് ഫഹദ് ഉള്‍പ്പെടെയുള്ളവരുടെ തലമുറയ്ക്ക് ചില വ്യത്യാസങ്ങളുണ്ട്. മാധ്യമസാന്ദ്രതയുടെ സോഷ്യല്‍ മീഡിയാകാലത്ത് അവര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രാപ്യരാണ്, അഥവാ അങ്ങനെയൊരു തോന്നല്‍ അവര്‍ സൃഷ്ടിക്കുന്നു. സെല്‍ഫി എക്സ്പെര്‍ട്ട് ക്യാമറകളുടെ ഇക്കാലത്ത് തിരശ്ശീലയിലെ താരസ്വരൂപങ്ങള്‍ക്ക് ഇടിവ് തട്ടുമെന്ന് നിരീക്ഷണങ്ങളുണ്ട്. പക്ഷേ മമ്മൂട്ടി-മോഹന്‍ലാല്‍ യുഗത്തിന് ശേഷമെത്തിയ യുവതാരങ്ങളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ ഫ്ലെക്സുകളില്‍ കുറവൊട്ടുമില്ല താനും. ആരാധകര്‍ക്ക് തങ്ങള്‍ എപ്പോഴും പ്രാപ്യരാണെന്നും ഒരര്‍ഥത്തില്‍ അവര്‍ക്ക് സമന്മാരാണെന്നും പുതുതലമുറ നടന്മാര്‍ വിനിമയം ചെയ്യുമ്പോഴും ഫാന്‍സ് അസോസിയേഷന്‍ ബഹളങ്ങള്‍ അവസാനിക്കാത്തതില്‍ വൈരുധ്യമുണ്ട്. അവിടെയാണ് ഫഹദ് വ്യത്യസ്തനാവുന്നത്. എന്തുകൊണ്ട് ഫാന്‍സ് അസോസിയേഷന്‍ ഇല്ല എന്ന ചോദ്യത്തിന് ചെറുപ്പക്കാര്‍ പഠിക്കട്ടെ എന്നാണ് ഒരു പൊതുവേദിയില്‍ അയാള്‍ മറുപടി പറഞ്ഞത്. അതായത് സോഷ്യല്‍ മീഡിയാക്കാലത്തെ മാധ്യമ ഉപായങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇമേജ് നയതന്ത്രജ്ഞതയില്‍ അയാള്‍ക്ക് താല്‍പര്യമില്ല.

'കാര്‍ബണ്‍' ചിത്രീകരണത്തിനിടെ വേണുവിനും ദിലീഷ് പോത്തനുമൊപ്പം

സ്വീകരിക്കുന്ന വേഷങ്ങളുടെ കാര്യത്തിലും അയാള്‍ക്ക് നിലപാടുകളുണ്ട്. ഒരു താരസിംഹാസനത്തിലേക്കുള്ള വഴി കണ്ടെത്താനുള്ള കഥാപാത്രങ്ങളിലോ സിനിമകളിലോ അല്ല ഈ നടന്‍റെ കണ്ണെന്ന് ഫിലിമോഗ്രഫി പരിശോധിച്ചാല്‍ മനസിലാവും. ശ്രദ്ധിക്കേണ്ട പുതുമുഖമായി ആരാലും ഗൗനിക്കപ്പെടാതെപോയ ആദ്യചിത്രത്തിന് (കൈയെത്തും ദൂരത്ത്) ശേഷമുള്ള, രണ്ടാംവരവിന്‍റെ തുടക്കത്തില്‍ത്തന്നെ (ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം) അയാള്‍ നടനെന്ന നിലയില്‍ വിജയങ്ങള്‍ കണ്ടെത്തിത്തുടങ്ങി. മെട്രോസെക്ഷ്വല്‍ പ്രതിച്ഛായ കഥാപാത്രങ്ങളില്‍ ആവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ വഴിമാറി നടക്കാനുള്ള ശ്രമം പിന്നാലെ (അന്നയും റസൂലും, നെത്തോലി ഒരു ചെറിയ മീനല്ല, ആമേന്‍). പിന്നാലെ തന്നിലെ നടന് തൃപ്തി പകരുന്നതെങ്കിലും ഭൂരിഭാഗം പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സാമ്പത്തികവിജയം കാണാതെ പോയ ചിത്രങ്ങള്‍ (ഹരം, അയാള്‍ ഞാനല്ല, മണ്‍സൂണ്‍ മാംഗോസ്). ഒരുവശത്ത് സിനിമകള്‍ തുടര്‍ സാമ്പത്തികപരാജയങ്ങളായപ്പൊഴും തന്‍റെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് അയാള്‍ ഉത്കണ്ഠപ്പെട്ടില്ല. എളുപ്പത്തില്‍ കൈയടി നേടാനുള്ള പോപ്പുലര്‍, മാസ് ഫോര്‍മാറ്റുകളിലെ നായകനടനാവാന്‍ ഒരിക്കല്‍പോലും ശ്രമിച്ചില്ല. മറിച്ച് ഈ കരിയര്‍ തുടരേണ്ടതുണ്ടോ എന്നാണ് ഫഹദ് ആലോചിച്ചത്. 'മഹേഷിന്‍റെ പ്രതികാര'മെന്ന, സമകാലീന മലയാളസിനിമയുടെ ആസ്വാദകാഭിരുചിയില്‍ ഗുണപരമായി സ്വാധീനം ചെലുത്തിയ ചിത്രം തീയേറ്ററുകളിലെത്താന്‍ കാത്തിരിക്കുകയായിരുന്നു അയാള്‍. 'പ്രതികാരം' തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് പല പ്രോജക്ടുകള്‍ക്കുമായി താന്‍ മുന്‍പ് വാങ്ങിയ അഡ്വാന്‍സ് ഫഹദ് തിരിച്ചുകൊടുത്തിരുന്നു. പിന്നീടുള്ളത് പോപ്പുലാരിറ്റിയിലേക്കുള്ള ഒരു നടന്‍റെ തിരിച്ചുവരവ്. 'മഹേഷിന്‍റെ പ്രതികാര'ത്തിലൂടെ ഫഹദ് പ്രേക്ഷകരെ തേടിയിറങ്ങുകയായിരുന്നില്ല, മറിച്ച് ആസ്വാദകരാണ് നടനെന്നുള്ള അയാളുടെ ബോധ്യങ്ങളിലേക്ക് കയറിച്ചെന്നത്.

ആഷിക് അബുവിനും അമല്‍ നീരദിനുമൊപ്പം ഒരു പരസ്യചിത്രീകരണത്തിനിടെ ഫഹദ്

റിലീസിന് മുന്‍പ് പണം വാരിയെറിഞ്ഞ് തീയേറ്ററുകള്‍ക്ക് മുന്‍പില്‍ സൃഷ്ടിക്കുന്ന ചെണ്ടകൊട്ടല്‍, ഫ്ലെക്സ് വെക്കല്‍ ബഹളങ്ങളില്‍നിന്ന് വ്യത്യസ്തരാണ് അതുകൊണ്ടുതന്നെ ഫഹദ് ആരാധകര്‍. ഫഹദ് എന്ന താരത്തേക്കാള്‍ അഭിനയിക്കാനറിയാവുന്ന ഒരു നടനെ ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടമാണത്. ഫഹദിന്‍റെ തെരഞ്ഞെടുപ്പും സിനിമാപ്രേമികളുടെ തെരഞ്ഞെടുപ്പും ഒരു പോയിന്‍റില്‍ കൂട്ടിമുട്ടുമ്പോള്‍ അതിന്‍റെ നേട്ടം മലയാളത്തിന്‍റെ നവസിനിമയ്ക്ക് തന്നെ. ടേക്ക്ഓഫും തൊണ്ടിമുതലും കാര്‍ബണുമൊക്കെ നമ്മള്‍ സ്ക്രീനില്‍ കണ്ടറിഞ്ഞ തരത്തില്‍ സംഭവിച്ചതിന്‍റെ കാരണം ഇയാള്‍ കൂടിയാണല്ലോ. ഫഹദിന്‍റെ സിനിമകള്‍ക്കെതിരേ ബഹിഷ്കരണാഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ തമ്പടിച്ചിരിക്കുന്നവര്‍ക്കും അത് അറിയുമായിരിക്കും.