മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ- വടിവേലു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാരീസൻ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കിക്കണ്ട ഒരു ചിത്രമായിരുന്നു.
മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ- വടിവേലു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാരീസൻ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കിക്കണ്ട ഒരു ചിത്രമായിരുന്നു. എന്നാൽ തിയേറ്ററിൽ വലിയ നേട്ടം കൈവരിക്കാൻ ചിത്രത്തിനായിരുന്നില്ല. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിൻറെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 22 നാണ് ഒടിടി റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
റോഡ് മൂവിയായി പുറത്തിറങ്ങിയ ചിത്രം ഫഹദിന്റെയും വടിവേലുവിൻേറയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായിരുന്നു. മികച്ച വൈകാരിക മുഹൂർത്തങ്ങളുള്ള സിനിമയ്ക്ക് ത്രില്ലർ സ്വഭാവവും ഉണ്ടായിരുന്നു. വി. കൃഷ്ണമൂർത്തിയായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റ് നിർമ്മിച്ച ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കലൈസെല്‍വന്‍ ശിവാജിയായിരുന്നു, സംഗീതം: യുവന്‍ ശങ്കര്‍ രാജ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആര്‍ട്ട് ഡയറക്ഷന്‍: മഹേന്ദ്രന്‍ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
അതേസമയം ഫഹദിന്റെ ഓടും കുതിര ചാടും കുതിര ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. അൽതാഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽതാഫ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണിത്.

