അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് രണ്ട് ഗെറ്റപ്പുകളില്‍

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദിനൊപ്പം ഒരുമിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ കഥാപാത്രത്തിന്‍റെ പേര് അബിന്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിലെ ഫഹദിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നായിക ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തേ പുറത്തെത്തിയിരുന്നു. പ്രിയ എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിന്‍റെ പേര്.

സിനിമയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിടാതെയാണ് അമല്‍ വരത്തന്‍ പൂര്‍ത്തിയാക്കിയത്. വരത്തന്‍ എന്ന പേര് തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാനഘട്ടത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ഓണത്തിന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ രചന സുഹാസ്-ഷര്‍ഫുവിന്‍റേതാണ്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് രണ്ട് ഗെറ്റപ്പുകളിലെത്തും. വാഗമണ്‍, ദുബൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. സൗബിന്‍ ഷാഹിറിന്‍റെ പറവ, അഞ്ജലി മേനോന്‍റെ കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ സ്വയാമ്പ് പോള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വരത്തന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ തപസ് നായക്. സംഗീതം സുശിന്‍ ശ്യാം. ചിത്രത്തിന്‍റെ വിഷയത്തെക്കുറിച്ചോ ഴോണറിനെക്കുറിച്ചോ ഒന്നും ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല അമല്‍ നീരദ്.