കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജ വാഹന രജിസ്ട്രേഷൻ നടത്തിയ കേസില്‍ നടി അമല പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ.
പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്ത് 19 ലക്ഷം നികുതി വെട്ടിപ്പ് നടത്തിയയെന്നാണ് കേസ്. 1.12 കോടി വിലയുള്ള അമലയുടെ എസ് ക്ലാസ് ബെൻസ് 1.75 ലക്ഷം നികുതിയടച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം നികുതിയായി അടയ്ക്കേണ്ടിവരുമായിരുന്നു.
മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് അമല പോൾ ഹാജരായിരുന്നില്ല
