തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‌യുടേതെന്ന് മുരുഗദോസ് നേരത്തേ പറഞ്ഞിരുന്നു.

വിജയ്‌യുടെ എ ആര്‍ മുരുഗദോസ് ചിത്രം സര്‍ക്കാരിന് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആവുമെന്ന് കരുതപ്പെടുന്ന സര്‍ക്കാര്‍ കേരളത്തില്‍ 402 സ്‌ക്രീനുകളിലാണ് എത്തുക. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തീയേറ്ററുകളില്‍ പ്രീ-റിലീസ് ബുക്കിംഗിന് വലിയ പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുര മേഖലയിലാണ് റെക്കോര്‍ഡ് വില്‍പ്പന നടന്നത്.

തിരുവനന്തപുരം നഗരത്തില്‍ മാത്രം റിലീസ്ദിനത്തില്‍ 147 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. ഏരീസ് എസ്എല്‍ സിനിമാസ് മള്‍ട്ടിപ്ലെക്‌സില്‍ മാത്രമുള്ളത് നാളെ 31 പ്രദര്‍ശനങ്ങള്‍. തിരുവനന്തപുരത്ത് ശ്രീകുമാറിലും ശ്രീവിശാഖിലുമാണ് ആദ്യ ഫാന്‍സ് ഷോകള്‍. പുലര്‍ച്ചെ 4.30നാണ് ഇവ. 4.45, 5, 5.10, 6.05 എന്നിങ്ങനെയാണ് മറ്റ് പല റിലീസിംഗ് സെന്ററുകളിലെയും ഫാന്‍സ് ഷോ ടൈമിംഗുകള്‍. ഇതില്‍ പുലര്‍ച്ചെയുള്ള എല്ലാ പ്രദര്‍ശനങ്ങളുടെയും ടിക്കറ്റുകള്‍ ഇതിനകംതന്നെ വിറ്റുപോയിട്ടുണ്ട്.

തുപ്പാക്കി, കത്തി എന്നീ ഹിറ്റുകള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‌യുടേതെന്ന് മുരുഗദോസ് നേരത്തേ പറഞ്ഞിരുന്നു. തമിഴിന് പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 

എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഐഫാര്‍ ഇന്റര്‍നാഷണലിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം.