ദില്ലി: രാജ്യത്തിനു മുന്നില്‍ ദേശഭക്തി തെളിയിയ്‌ക്കേണ്ടി വരുന്നതിലും ദുഃഖകരമായി മറ്റൊന്നുമില്ലെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍. അസഹിഷ്ണുതാവിവാദത്തില്‍ തന്റെ നിലപാടിനെതിരെ വന്ന ചില പരാമര്‍ശങ്ങള്‍ തന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചെന്നും ഷാരുഖ് ഖാന്‍ പറഞ്ഞു. ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരുഖ് ഖാന്‍റെ വികാരഭരിതമായ പ്രതികരണം‍.

ഇന്ത്യ ടി വി അവതാരകന്‍ രജത് ശര്‍മ്മയുടെ ആപ് കി അദാലത് എന്ന അഭിമുഖപരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു ഷാരുഖ്. മുന്‍പ് രാജ്യം വിടുന്നതിനെക്കുറിച്ചുവെന്ന് വരെ ആലോചിച്ചുവെന്ന് ആമിര്‍ ഖാന്‍ പറഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നപ്പോഴാണ് നിലപാട് വ്യക്തമാക്കി ഷാരുഖ് ഖാന്‍ രംഗത്തുവന്നത്. 

രാജ്യത്ത് എതിര്‍ശബ്ദങ്ങളോട് അസഹിഷ്ണുതയുണ്ടെന്നായിരുന്നു ഷാരുഖ് ഖാന്‍ അന്ന് പറഞ്ഞത്. എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയതില്‍ അപാകതയില്ലെന്നും ഷാരുഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വന്ന ചില പരാമര്‍ശങ്ങള്‍ തന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചുവെന്നും രാജ്യത്തെ എന്തിനേക്കാളും ഏറെ സ്‌നേഹിക്കുന്നയാളാണ് താനെന്നും ഷാരുഖ് ഖാന്‍ വ്യക്തമാക്കി.

ജാതിയുടെയും മതത്തിന്‍റെയും വര്‍ണത്തിന്റെയും പ്രാദേശികവികാരങ്ങളുടെയും പേരില്‍ തമ്മിലടിയ്ക്കരുതെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇന്ത്യക്കാരനായിരുന്നിട്ടും രാജ്യസ്‌നേഹം വാക്കുകളിലൂടെ വീണ്ടും തെളിയിയ്‌ക്കേണ്ടി വരുന്നതു പോലെ ദുഃഖകരമായ സാഹചര്യം വേറെയില്ലെന്നും ഷാരുഖ് ഖാന്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പക്ഷം പിടിയ്ക്കാന്‍ താനില്ലെന്നും രാഷ്ട്രീയമല്ല, അഭിനയമാണ് തന്‍റെ മേഖലയെന്നും ഷാരുഖ് ഖാന്‍ പറഞ്ഞു.