തിരുവനന്തപുരം: സംവിധായകൻ അനില്‍ രാധാകൃഷ്ണൻ മേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നത്തില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച. വിവാദം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ഇനി ഒരിക്കലും അനില്‍ രാധാകൃഷ്ണൻ മേനോന്‍റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവം. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍‍ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതാണ് പ്രശ്നങ്ങള്‍‍ക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിൻ നേദിയില്‍ കയറി നിലത്തിരുന്നു.

സംഭവം വിവാദമായതോടെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനില്‍ രാധാകൃഷ്ണൻ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടത്. അനില്‍ രാധാകൃഷ്ണൻ മേനോനും ബിനീഷ് ബാസ്റ്റിനും യോഗത്തിനെത്തും. അനില്‍ രാധാകൃഷ്ണൻ മേനോൻ നേരത്തെ തന്നെ മാപ്പ് പറഞ്ഞിരുന്നതിനാല്‍ കാര്യമായ അച്ചടക്ക നടപടികളുണ്ടാകില്ല. പരാതിയില്ലെന്ന് ബിനീഷ് ബാസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ട്.

ബോബൻ സാമുവലിന്‍റെ ചിത്രത്തില്‍ അഭിനയിക്കാനായി വൈകിട്ടോടെ ബിനീഷ് ബാസ്റ്റിൻ ദുബായിലേക്ക് പോകും. ബിനീഷ് ബാസ്റ്റിന് അപമാനമേറ്റതിന് പിന്നാലെയായിരുന്നു ബോബൻ സാമുവല്‍ ചിത്രത്തിലേക്ക് വിളിച്ചത്.