തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ററുകളുടെ പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന ഹൃസ്വചിത്രവുമായി ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. ട്രാന്‍സ്ജെന്‍ററുകളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറാന്‍ ഇത്തരം ചിത്രങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. കാലമെത്ര മാറിയാലും അവഗണനയുടെ കഥകള്‍ മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്.

ആള്‍ക്കൂട്ടത്തിന്‍റെ തുറിച്ച് നോട്ടത്തിന് ഇപ്പോഴും മാറ്റമില്ല. ഇത് തുറന്നുകാട്ടുകയാണ് അവള്‍ക്കൊപ്പം എന്ന ഹൃസ്വചിത്രം. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും സീരിയല്‍ താരം മഞ്ജു പത്രോസുമാണ് ഇതില്‍ വേഷമിടുന്നത്. അമ്മയാകാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ററിന്‍റെ ജീവിതവും അവളെ പരിഹസിക്കുന്ന സമൂഹവുമാണ് പ്രമേയം. 

തിരുവല്ല സ്വദേശി കുക്കു ബാബുവാണ് ഹൃസ്വചിത്രത്തിന്‍റെ സംവിധായക. സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ മാറാന്‍ ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. വിവിധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ 'അവള്‍ക്കൊപ്പം' പ്രദര്‍ശിപ്പിക്കും