സിനിമാ പ്രതിസന്ധി മറികടക്കാൻ എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരെ ബദൽ നീക്കങ്ങളുമായി നിർമ്മാതാക്കളും വിതരണക്കാരും. ബി ക്ലാസ് തിയേറ്ററുകളിലും സർക്കാർ തിയേറ്ററുകളിലും മാളുകളിലും ഫെഡറേഷനിൽ നിന്നു വിട്ടുവരുന്ന തിയേറ്ററുകളിലും പുതിയ സിനിമ റിലീസ് ചെയ്യാനാണ് നീക്കം. മന്ത്രി എകെ ബാലൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മുഖ്യമന്ത്രി ചർച്ച വിളിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
എ ക്ലാസ് തിയേറ്റർ ഉടമകളുടെ സംഘടനായ്യ എക്സിബിറ്റേഴ്സ് ഫെഡറേഷൻ വിട്ടുവീഴ്ചക്കില്ലാത്ത സാഹചര്യത്തിലാണ് എതിർവിഭാഗം ബദൽ നീക്കത്തിന് ശ്രമം തുടങ്ങിയത്. റിലീസിന് തയ്യാറാണെന്ന് വ്യക്തമാക്കിയ ബി ക്ലാസിലും സർക്കാർ തിയേറ്ററിലും മാളുകളിലും ഒപ്പം ഫെഡറേഷനിൽ നിന്നു വിട്ടുവരുന്നവരുടെ തിയേറ്ററുകളിലും പുതിയ സിനിമകൾ റിലീസ് ചെയ്യാനാണ് നീക്കം. പ്രതിസന്ധി മറികടക്കുന്നതോടൊപ്പം ഫെഡറേഷനിൽ ഇതുവഴി വിള്ളലുണ്ടാക്കാനാകുമെന്നും നിർമ്മാതാക്കൾ കരുതുന്നു. സർക്കാറിന്റെയും പിന്തുണ ഈ നീക്കങ്ങൾക്കുണ്ടെന്നാണ് വിവരം. സ്ഥിതിഗതികളെ കുറിച്ച് സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീറിനെതിരായ നീക്കം ശക്തമാകുന്നതിന്റെ ഭാഗമായാണ് ബഷീറിന്റെ തിയേറ്ററുകളിൽ ടിക്കറ്റിൽ കൃത്രിമം കാണിക്കുന്നുവെന്ന് ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ശ്രീകുനമാർ രംഗത്തെത്തിയത്. ശ്രീകുമാർ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമ്പോൾ ലിബർട്ടി ബഷീർ ആരോപണം തള്ളി. ഫെഡറേഷനിൽ വിള്ളലുണ്ടാക്കാനാകില്ലെന്നാണ് ബഷീർ പറയുന്നത്. അന്യഭാഷാ സിനിമകൾക്ക് പ്രാധാന്യം നൽകുന്നുവെന്ന ആരോപണം മറികടക്കാന്‍ മുഴുവൻ തിയേറ്ററുകളും അടച്ചിടാനുിം നീക്കമുണ്ട്.
തിയേറ്ററുകൾ വിതരണക്കാർക്ക നൽകേണ്ട നാലു ശതമാനം പബ്ളിസിറ്റി വിഹിതം ഒഴിവാക്കിയുള്ള സമവായ ഫോർമുല ഫെഫ്ക് മുന്നോട്ട് വച്ചെങ്കിലും വിതരണക്കാർ ഇത് അംഗീകരിക്കുന്നില്ല.
