സിനിമാ പ്രതിസന്ധിയിൽ നിലപാട് മയപ്പെടുത്തി എ ക്ലാസ് തീയേറ്റർ ഉടമകളുടെ സംഘടനനായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ജനറൽ സെക്രട്ടറി ഷാജു അക്കര അറിയിച്ചു. സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ച ചെയ്യാനും തുടർനിലപാട് തീരുമാനിക്കാനും ഫെഡറേഷൻ ജനറൽ ബോ‍ഡി യോഗം കൊച്ചിയിൽ തുടങ്ങി.

സംസ്ഥാനത്തെ 350ലേറെ വരുന്ന എ ക്ലാസ് തീയേറ്ററുകൾ അടച്ചിട്ടുകൊണ്ട് പ്രത്യക്ഷസമരത്തിലേക്ക് പോകുമെന്നായിരുന്നു എക്സിബിറ്റേഴ്സ് ഫെഡറേഷൻറെ മുൻ പ്രഖ്യാപനം. എന്നാൽ തങ്ങളെ ഒഴിവാക്കി ബി ക്ലാസ് തീയേറ്ററുകളിൽ സിനിമകൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനമെടുത്തതോടെ ഫെഡറേഷൻ പ്രഖ്യാപിത നിലപാട് മയപ്പെടുത്തി. തീയേറ്ററുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വിജിലൻസ് പരിശോധന തിരിച്ചടിയാകുമെന്നും സംഘടനയ്ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരുമായി ഏറ്റുമുട്ടൽ ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. പ്രശ്ന പരിഹാരത്തിന് സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ പരിഗണിക്കുമെന്ന് ഫെഡറേഷൻ വ്യക്തമാക്കി.

അതേസമയം തീയേറ്ററുകൾ അടച്ചിടാനുളള തീരുമാനത്തിൽ ഫെഡറേഷൻ ഉറച്ച് നിന്നാൽ സംഘടന പിളരുമെന്ന് നിർമ്മാതാക്കളും വിതരണക്കാരും കണക്ക് കൂട്ടുന്നു.ഒരു വിഭാഗം തീയേറ്റർ ഉടമകൾ സിനിമ റിലീസ് ചെയ്യാൻ തയ്യാറാണെന്നും അവർ കരുതുന്നു.അതിനിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രം. ഒത്തുതീർപ്പ് ചർച്ചകൾ നടത്താനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ നീക്കം.