Asianet News MalayalamAsianet News Malayalam

സംവിധായകന്‍ എ ബി രാജ് അന്തരിച്ചു

താളം തെറ്റിയ താരാട്ട്, അടിമച്ചങ്ങല, കണ്ണൂര്‍ ഡീലക്‌സ്, ഡേയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ഇരുമ്പഴികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സംവിധായകനായിരുന്നു എ ബി രാജ്.
 

Film Director A B Raj passes away
Author
Chennai, First Published Aug 23, 2020, 11:30 PM IST

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ എ ബി രാജ് അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടി ശരണ്യ മകളാണ്. കളിയല്ല കല്യാണം, കണ്ണൂര്‍ ഡീലക്‌സ്, കളിപ്പാവ, നൃത്തശാല, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, ഉല്ലാസയാത്ര, ചീഫ് ഗസ്റ്റ് , അഗ്‌നിശരം, അടിമച്ചങ്ങല, ഓര്‍മിക്കാന്‍ ഓമനിക്കാന്‍ തുടങ്ങി 65 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തമിഴ്‌നാട് ഡയറക്ടേഴ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു. 

താളം തെറ്റിയ താരാട്ട്, അടിമച്ചങ്ങല, കണ്ണൂര്‍ ഡീലക്‌സ്, ഡേയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ഇരുമ്പഴികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സംവിധായകനായിരുന്നു എ ബി രാജ്. ഒരു പതിറ്റാണ്ടിലേറെ കാലം ശ്രീലങ്കയിലായിരുന്നു. 11 സിംഹള ചിത്രങ്ങളും സംവിധാനം ചെയ്തു. ശ്രീലങ്കയില്‍ ചിത്രീകരിച്ച ഡേവിഡ് ലീനിന്റെ  'ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്' എന്ന വിഖ്യാത ക്ലാസിക് ചിത്രത്തിന്റെ സെക്കന്റ് യൂണിറ്റ് അസി. ഡയറക്ടറായിരുന്നു. 

1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ആലപ്പുഴ  സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയില്‍ ജനനം. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 

ആദ്യ ചിത്രം കളിയല്ല കല്യാണം. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി. ചിരിക്കുടുക്കയുടെ തമിഴ്‌റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ്  രാജിന്റെ തമിഴ് ചിത്രം. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്. ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കള്‍ ജയപാല്‍, മനോജ്, ശരണ്യ.

എ ബി രാജിന്റെ നിര്യാണത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അനുശോചിച്ചു. അറുപതില്‍പരം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും പ്രദര്‍ശന വിജയം നേടിയവയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പില്‍ കമല്‍ കൂട്ടിച്ചേര്‍ത്തു.എ ബി രാജിന്റെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

Follow Us:
Download App:
  • android
  • ios