ദില്ലി: പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ബോളിവുഡ് താരം അമീര്‍ ഖാനെ ഒഴിവാക്കാന്‍ ബി.ജെ.പി ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകയായ സ്വാതി ചുതുര്‍വേദിയാണ് 'ഐ ആം എ ട്രോള്‍' എന്ന തന്റെ പുസ്തകത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ വോളണ്ടിയറായിരുന്ന സ്വാതി ഖോസ്ലയാണ് ഇക്കാര്യം പറഞ്ഞതെന്നും അവര്‍ പറയുന്നു. 

2015ല്‍ അസഹിഷ്ണുത വാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അമീര്‍ ഖാന്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിനെതതിരെ തിരിയാന്‍ കാരണമായതെന്ന് സ്വാധി ഖോസ്ല വ്യക്തമാക്കിയിരുന്നു. സ്വാതി ചതുര്‍വേദിക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അമീര്‍ ഖാന്‍റെ പരാമര്‍ശനത്തിനു ശേഷം ബി.ജെ.പി സോഷ്യല്‍ മീഡിയ സെല്‍ അദ്ദേഹത്തെ സ്‌നാപ്ഡീലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം ആരംഭിച്ചു. 

ആമീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നാപ്ഡീലിന് പരാതി നല്‍കാന്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അരവിന്ദ് ഗുപ്തയില്‍ നിന്നാണ് തനിക്ക് നിര്‍ദേശം ലഭിച്ചത്. സെല്ലിലുള്ള മറ്റുള്ളവര്‍ക്കും ഗുപ്തയുടെ വാട്‌സാപ്പ് സന്ദേശം എത്തിയിരുന്നു. ഈ നിര്‍ദേശം തങ്ങള്‍ പാലിച്ചു. 2016 ജനുവരിക്ക് ശേഷം അമീറുമായുള്ള കരാര്‍ സ്‌നാപ്ഡീല്‍ പുതുക്കിയിരുന്നില്ല.