സല്‍മാന്‍ഖാന് ഒരു കുട്ടിയുടെ പിതാവ് ആകണം, പക്ഷെ വിവാഹം ഇപ്പോഴും ചിന്തിക്കുന്നില്ല താരം. ബോളിവുഡില്‍ എന്നും ഒറ്റയ്ക്ക് ആയിരുന്ന താരത്തിന് അടുത്തിടെയാണ് പുതിയ മോഹം തുടങ്ങിയത്. തന്‍റെ സമകാലികര്‍ എല്ലാം കുട്ടികളാകുകയും ചിലരുടെ മക്കള്‍ നായികമാരാകാന്‍ തയ്യാറെടുക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് അസ്ഥിത്വത്തില്‍ നിന്നു തന്നെ ഒരു കുഞ്ഞു വേണമെന്ന് താരത്തിന് തോന്നിയത്. 

പക്ഷേ അതിന്റെ പേരില്‍ കല്യാണം കഴിക്കാന്‍ ഒരുക്കമല്ലാത്ത താരം വാടക ഗര്‍ഭം ധരിക്കാന്‍ ആളെ കിട്ടുമോ എന്നാണ് തെരയുന്നത്. ഈ ഡിസംബറില്‍ 52 തികയുന്ന താരത്തിന് നല്ലകാലം കഴിഞ്ഞപ്പോള്‍ ഉണ്ടായിരിക്കുന്ന മോഹം സാക്ഷാത്കരിക്കാന്‍ സല്‍മാന്‍റെ കുടുംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പിതാവാകാനാണ് താരം ഒരുങ്ങുന്നത്.

ഇപ്പോള്‍ കുട്ടിയുണ്ടായാല്‍ അതിന് 20 വയസ്സാകുമ്പോള്‍ താന്‍ പടുവൃദ്ധനാകുമെന്ന് അറിയാമെങ്കിലും പിതാവാകാനുള്ള ആഗ്രഹം നിറവേറ്റാന്‍ തന്നെ പോകുകയാണ് സല്‍മാന്‍. സഹോദരിയുടെ പുത്രനെ സല്‍മാന്‍ താലോലിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വിവാഹം കഴിക്കാതെ പിതാവാകുന്ന പരിപാടി ബോളിവുഡില്‍ ആദ്യം കൊണ്ടുവന്നത് തുഷാര്‍ കപൂറായിരുന്നു. 

2016 ല്‍ മകന്‍ ലക്ഷ്യയെ നേടിയ തുഷാറിന് പിന്നാലെ സംവിധായകന്‍ കരണ്‍ ജോഹറും കല്യാണം കഴിക്കാതെ അച്ഛനായി. ഇരട്ടകളായ യാഷും റൂഹിയുമാണ് കരണിന്റെ സമ്പാദ്യം.