Asianet News MalayalamAsianet News Malayalam

സൈനികനില്‍ നിന്ന് വില്ലനിലേക്ക് ; അഭിനയം ജീവശ്വാസമാക്കിയ നടന്‍

ഓഗസ്റ്റ് 1 ലെ സീരിയൽ കില്ലർ ഗോമസ്. ആവനാഴിയിലെ സത്യരാജ്, ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടർ, ഇതെല്ലാം ക്യാപ്റ്റനിലൂടെ മലയാളികൾ കണ്ട ചില മുഖങ്ങൾ മാത്രം. 
 

From a soldier to a villain Actor's life of captian raj
Author
Thiruvananthapuram, First Published Sep 17, 2018, 10:10 AM IST

മലയാളിക്ക് എന്നും അഭിമാനിക്കുവാനുള്ള കഥാപാത്രങ്ങളായിരുന്നു ക്യാപ്റ്റന്‍ രാജുവിനെ തേടിയെത്തിയിരുന്നത്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ എന്നും മലയാളസിനിമയിൽ തല ഉയർത്തി നിന്ന താരം. ക്യാപ്റ്റൻ രാജുവിൻറെ 4 പതിറ്റാണ്ട് നീണ്ട സിനിമായാത്ര പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഓഗസ്റ്റ് 1 ലെ സീരിയൽ കില്ലർ ഗോമസ്. ആവനാഴിയിലെ സത്യരാജ്, ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടർ, ഇതെല്ലാം ക്യാപ്റ്റനിലൂടെ മലയാളികൾ കണ്ട ചില മുഖങ്ങൾ മാത്രം. 

പത്തനംതിട്ട ഓമല്ലൂരിലെ നാട്ടിൻ പുറത്ത് നിന്ന് വെള്ളിത്തിരയുടെ ഉയരങ്ങളിലേക്ക് നടന്നുകയറിയ കലാകാരൻ. ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ജോലി സിനിമക്ക് വേണ്ടി ത്യജിച്ച രാജുവിനെ പിൽക്കാലത്ത് പ്രേക്ഷകർ അവരുടെ പ്രിയ ക്യാപ്റ്റനാക്കി. 

പട്ടാളത്തിൽ നിന്ന് രാജിവച്ച് നാടക ട്രൂപ്പുമായി സജീവമാകുന്നതിനിടെ ആണ് ജോഷിയുടെ ഓഫർ. 1981ൽ രക്തം എന്ന ചിത്രത്തിലേക്ക്. ജോഷിക്ക് പിന്നാലെ ഹരിഹരനും ഐവി ശശിയും അടക്കമുള്ള ഹിറ്റ് മേക്കർമാർ ക്യാപ്റ്റനെ വിളിച്ചു. സൂപ്പർ താരങ്ങൾക്കൊപ്പം തലയെടുപ്പുള്ള വില്ലനായി രാജുവിൻറെ എണ്ണമറ്റ കഥാപാത്രങ്ങൾ.

കഥാപാത്രത്തിൻറെ വലിപ്പത്തിനപ്പുറം, ഏൽപ്പിച്ച ജോലി 100 ശതമാനം ആത്മാർത്ഥതയോടെ പൂർത്തിയാക്കുന്ന രാജു ആണ് എന്നും സഹപ്രവ‍ർത്തകരുടെ ഓർമ്മകളിൽ. സൂപ്പർ വില്ലനായി തിളങ്ങി നിൽക്കുമ്പോൾ നെഗറ്റീവ് റോളുകൾ ഇനി ചെയ്യില്ലെന്ന സുപ്രധാന തീരുമാനം. അപ്പോഴും രാജുവിനായി കഥാപാത്രങ്ങൾ പിറന്നുകൊണ്ടേ ഇരുന്നു. നാടോടിക്കാറ്റിലെ ശവമായ പവനായി പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

97 ൽ ആദ്യമായി സംവിധായകൻറെ കസേരയിൽ. ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രം, രാജുവിലെ മനുഷ്യസ്നേഹി പ്രേക്ഷകർക്ക് നൽകിയ ഒരു നല്ല സന്ദേശമായിരുന്നു. തമിഴ് താരങ്ങളായിരുന്ന വിക്രമിനും ലൈലയ്ക്കും സിനിമ നൽകിയത് വലിയ വഴിത്തിരിവ്. 4 പതിറ്റാണ്ടിനിടെ സിനിമ മാറി. പക്ഷേ പ്രേക്ഷകമനസ്സുകളിൽ ക്യാപ്റ്റൻ ഇന്നും ഒരാൾ മാത്രം. രാജുവിന് നൽകാം ഒരു ബിഗ് സല്യൂട്ട്
 

Follow Us:
Download App:
  • android
  • ios