ശ്രീദേവിയുടെ സംസ്കാര ചടങ്ങ് ബോളീവുഡിന് ഫാഷന്‍ പരേഡോ?

മുംബൈ: നടി ശ്രീദേവിയുടെ മരണത്തോടെ ആരംഭിച്ച വിവാദങ്ങള്‍ നിരവധിയാണ്. മരണകാരണത്തില്‍ തുടങ്ങി, ശ്രീദേവിയുടെ പൂര്‍വകാല ബന്ധങ്ങളും പ്രണയവുമടക്കം വിവാദങ്ങള്‍ക്ക് തിരികൊളിത്തിയ വിഷയങ്ങളാണ്.

എന്നാല്‍ ശ്രീദേവിയുടെ സംസ്കാര ചടങ്ങും മറ്റൊരു തരത്തില്‍ വാര്‍ത്തയാവുകയാണ്. പ്രമുഖ കോസ്റ്റ്യൂം ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്‍റ് നികിത ഷായുടെ ഫേസ്ബു്ക്ക് കുറിപ്പാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക വഴിയൊരുക്കിയത്. ബോളീവുഡിലെ സൂപ്പര്‍ താരങ്ങളും നടികളും ശ്രീദേവിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് അവരോട് എന്തെങ്കിലും ആദരവ് കാണിക്കാനാണോ അല്ലെങ്കില്‍ ഫാഷന്‍ പരേഡ് നടത്താനാണോ എന്നാണ് നികിത ഷാ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ശ്രീദേവിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഏകദേശം എല്ലാ താരങ്ങളും ഗൗരങ്ക് ഷായെ സമീപിച്ചതായാണ് നികിത പറയുന്നത്.

കുറിപ്പിങ്ങനെ...

എനിക്ക് അതിയായ വേദനയും സങ്കടവും തോന്നുന്നു. ശ്രീദേവിയുടെ സംസ്കാരത്തിനും പ്രാര്‍ഥനാ ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍ക്കായി നിരവധി സ്റ്റൈലിസ്റ്റുകളാണ് ഗൗരങ്ക് ഷായെ സമീപിച്ചത്. 

ദൈവത്തെ ഓര്‍ത്ത് താരങ്ങളേ ഇക്കാര്യം പറയൂ.. നിങ്ങള്‍ ശ്രീദേവിയുടെ ചടങ്ങുകളില്‍ പങ്കെടുത്തത് അവരോടുള്ള ആദരവുകൊണ്ടാണോ അല്ലെങ്കില്‍ അവിടെ നടന്നത് ഒരു ഫാഷന്‍ പരേഡാണോ..? മാധ്യമങ്ങള്‍ പല വൃത്തികേടുകളും ചെയ്യുന്നുണ്ട്. പക്ഷെ സിനിമാ മേഖലയിലുള്ളവരും ഇത്തരത്തില്‍ അധപതിച്ചത് കാണുമ്പോള്‍ ദേഷ്യം തോന്നുന്നു.

മേക്കപ്പിനുള്ളിലെ കപട ജീവിതം നിങ്ങള്‍ക്ക് ശീലമായിട്ടുണ്ടാകും. എങ്കിലും മരണത്തിലെങ്കിലും ഒരു മനുഷ്യനാകാന്‍ ശ്രമിക്കൂ.. ഇന്ന് ഏറ്റവും കൂടുതല് ദുഖിക്കുന്നത് ശ്രീദേവിയായിരിക്കും ഇവിടെയുള്ള കപടമുഖങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് വേദനിക്കുന്നുണ്ടാകും.