സ്ഥലം കൂര്‍ഗ്. വര്‍ഷം 1988. ഓര്‍മ്മകളെ ഓര്‍മ്മിപ്പിക്കുന്ന സെപിയ നിറം പുരണ്ട ചെറിയ തെരുവ്. ഇരമ്പി നില്‍ക്കുന്ന ഒരു പഴയ കാറില്‍ നിന്നും അയാള്‍ പുറത്തേക്കിറങ്ങി. ഒരു വാടക വീടു തേടി വന്നതായിരുന്നു അയാള്‍. നിഗൂഢതകള്‍ ഒളിപ്പിച്ച് ഗ്രേസ് വില്ല എന്ന വീടും ഒരു സ്ത്രീയും ആ തെരുവിലെവിടെയോ അയാളെയും കാത്തിരിപ്പുണ്ടായിരുന്നു. പ്രേക്ഷകനെ ഓരോ നിമിഷവും മുള്‍മുനയില്‍ നിര്‍ത്തി മുന്നേറുകയാണ് ഗ്രേസ് വില്ല എന്ന ഹ്രസ്വചിത്രം.
ഇന്‍ക്യുലാബ്‍സ്. സിനിമാ മോഹവുമായി ഒത്തുകൂടിയ പയ്യന്നൂരുകാരായ ഒരുകൂട്ടം കൂട്ടുകാര്‍. ഇൻക്യുലാബിന്റെ ബാനറിൽ അഭിലാഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പയ്യന്നൂർ സ്വദേശിയായ ബിനോയ് രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവ്വതിയും രാജേഷ് ഹെബ്വറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ ചിത്രം തവിടുപൊടി ജീവിതം യൂടുബിൽ ഹിറ്റായിരുന്നു. തിരുവനന്തപുരത്തെ ആദ്യപ്രദര്‍ശനത്തില്‍ ശ്യാമപ്രസാദും മധുപാലടക്കമുള്ള സംവിധായകരുടെ അഭിനന്ദനംനേടിയ ഗ്രേസ് വില്ല കാണാം.

