ചെന്നൈ: ഗോദ എന്ന ടൊവീനോ ബേസില്‍ ജോസഫ് ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററിലൂണ്ടാക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ വ്യാജന്‍ കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയവഴി പ്രചരിക്കുകയാണ്. ഇത് ചിത്രത്തിന്‍റെ തിയറ്ററിലെ കാഴ്ചക്കാരെക്കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സിവി സാരഥി രംഗത്ത് എത്തിയിരിക്കുന്നത്. 

 വ്യാജപതിപ്പ് 'അഭിമാനത്തോടെ' ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ചിലര്‍ മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെടുന്നുവെന്നും ചലച്ചിത്രവ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടി സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെ ഒരു നടന്റെ ആരാധകരെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നും സാരഥി ചോദിക്കുന്നു. ഫേസ്ബുക്കില്‍ ഇദ്ദേഹം എഴുതിയ കുറിപ്പിന്‍റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്.

ചില സാമൂഹികവിരുദ്ധര്‍ ടൊറന്റ് സൈറ്റുകളില്‍ 'ഗോദ'യുടെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മറ്റുചിലര്‍ അത് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതായും കണ്ടു. മറ്റ് നടന്മാരുടെ ആരാധകരാണെന്നാണ് അവരില്‍ ചിലര്‍ അവകാശപ്പെടുന്ന്. പക്ഷേ ചലച്ചിത്രവ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടിയെടുക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു നടന്റെ ആരാധകരാവാന്‍ സാധിക്കുക? കേരളത്തിലെ 110 തീയേറ്ററുകളില്‍ മാത്രമാണ് ഗോദ റിലീസ് ചെയ്തിരിക്കുന്നത്. അതിലേതോ തീയേറ്റഖറില്‍ നിന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആ ക്യാമറാപ്രിന്റ് പുറത്തുവന്നിരിക്കുന്നത്. നിങ്ങള്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരാളാണെങ്കില്‍ ഞങ്ങളുടെ അധ്വാനത്തെ മാനിക്കുക. ഗോദ തീയേറ്ററില്‍ മാത്രം കാണുക. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വലുപ്പംകൊണ്ട് ചെറിയ വ്യവസായമായ മലയാളം ഒന്നാമത് നില്‍ക്കുന്നത് നമ്മുടെ സിനിമകളുടെ ഗുണനിലവാരം കൊണ്ടാണ്. പക്ഷേ സിനിമകളിറങ്ങി രണ്ടാംദിവസം ഇത്തരത്തില്‍ വ്യാജന്‍ ഇറങ്ങിയാല്‍ നമ്മളെങ്ങനെ പിടിച്ചുനില്‍ക്കും? തീയേറ്ററില്‍ അഞ്ച് കോടി ഷെയര്‍ ലഭിക്കുന്ന ചിത്രം പോലും 'ഹിറ്റ്' എന്ന് പരിഗണിക്കപ്പെടുന്ന ഇന്റസ്ട്രിയാണ് നമ്മുടേത്. രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമാണ് ഇവിടെ വര്‍ഷത്തില്‍ ശരാശരി ഒന്‍പത് കോടി മറികടക്കുന്നത്. പല കാരണങ്ങളാലും ക്ഷീണിതമായ മലയാളസിനിമയെ പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇറക്കുന്ന ഈ സാമൂഹികവിരുദ്ധര്‍ തകര്‍ക്കുകയാണ്. ഗോദയ്‌ക്കൊപ്പം അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയ സഖാവ്, ലക്ഷ്യം, സിഐഎ തുടങ്ങിയ ചിത്രങ്ങളും ഇന്റര്‍നെറ്റിലുണ്ട്. വ്യാജന്‍ പ്രചരിച്ചിട്ടും ബാഹുബലി 2ന് 25 കോടി തീയേറ്റര്‍ ഷെയര്‍ കൊടുത്ത സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് തീയേറ്ററിലേക്കുപോകാന്‍ മടിയുള്ളവരല്ല നമ്മള്‍. അത്തരം ചിത്രങ്ങളോട് ബജറ്റിനോട് മത്സരിക്കാന്‍ നമുക്കാവില്ല. ഗുണനിലവാരത്തിലേ നമുക്ക് മത്സരിക്കാനാവൂ. ബാഹുബലി തീയേറ്ററില്‍ കാണാമെങ്കില്‍ എന്തുകൊണ്ട് ഗോദയോ സിഐഎയോ ലക്ഷ്യമോ അങ്ങനെ ആയിക്കൂടാ? അങ്ങനെ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം പത്ത് വര്‍ഷത്തിന് ശേഷം 'ഇവിടെ മലയാള സിനിമകള്‍ ഉണ്ടായിരുന്നു'വെന്ന് നമ്മുടെ ചെറുമക്കള്‍ പറഞ്ഞേക്കാം..