ഗൗതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തിലെത്തുന്നു
കൊച്ചി: അനാട്ടമി ഓഫ് എ കാമുകന് എന്ന വെബ് സീരീസുമായി സംവിധായകന് ഗൗതം വസുദേവ് മേനോന് ആദ്യമായി മലയാളത്തിലെത്തുന്നു. അമല് തമ്പിയാണ് സീരീസ് സംവിധാനം ചെയ്യുന്നത്. 2014 ഗോവ രാജ്യാന്തരമേളയിൽ ശ്രദ്ധനേടിയ ഐ ആം 22 എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് അമല് തമ്പി. കഴിഞ്ഞ നാല് വര്ഷമായി തമിഴ് സിനിമാ മേഖലയില് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അമല്.
ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്ഡ്രാഗ എന്റര്ടെയ്ന്മെന്റ് നിർമിക്കുന്ന സീരീസിൽ മലയാള ടെലിവിഷന് അഭിനേതാവും വീഡിയോ ജോക്കിയുമായ വിഷ്ണു അഗസ്ത്യയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ‘കചടതപ’യുമായി സഹകരിച്ച് ഗൗതം മേനോന് നിർമ്മിക്കുന്ന ചിത്രം യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കുക. ഒന്ഡ്രാകെ എന്റര്ടൈന്മെന്റിന്റെ ആദ്യ മലയാള സംരംഭവും കൂടിയാണിത്.
തമ്പി, ശരത്ത് മോഹന്, മേഘാ തോമസ്, വിഷ്ണു അഗസ്ത്യ എന്നിവര് ചേര്ന്നാണ് അനാട്ടമി ഓഫ് എ കാമുകന്റെ കഥ എഴുതിയിരിക്കുന്നത്. ഒരു കാമുകന്റെ വിവിധ ഭാവങ്ങളും അവന്റെ വികാര വിചാരങ്ങളും തുറന്നുകാണിക്കുന്ന വെബ് സീരിസിലെ ഓരോ എപ്പിസോഡിനും 10 മിനിറ്റാണ് ദൈര്ഘ്യം. ജൂലായ് 20 മുതല് എല്ലാ വെള്ളിയാഴ്ച്ചയും സീരിസ് യൂട്യൂബ് ചാനലിൽ ലഭ്യമാകും.
ടൊവിനോ തോമസ്, ദിവ്യദര്ശിനി എന്നിവര് അഭിനയിച്ച് കാര്ത്തിക്ക് സംഗീത സംവിധാനം നിര്വഹിച്ച ഉളവിരവ്, കാര്ത്തിക്ക് തന്നെ സംഗീത സംവിധാനം നിര്വഹിച്ച ബോദൈ കോദൈ എന്നിവയാണ് ഗൗതം വാസുദേവ് മേനോന്റെ വെബ് ചാനല് പുറത്തിറക്കിയ പ്രധാന ആല്ബങ്ങള്. കൂടാതെ വീക്കെന്ഡ് മച്ചാന് എന്ന തമിഴ് വെബ് സീരിസും ഈ വെബ് ചാനല് വഴി പുറത്തിറക്കുന്നുണ്ട്.
